ദുബൈ മാരത്തൺ എക്സ്പോ സിറ്റിയിലേക്ക് മാറ്റി
text_fieldsദുബൈ: ഫെബ്രുവരി 12ന് നടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബൈ ലോക മാരത്തൺ എക്സ്പോ സിറ്റിയിലേക്ക് മാറ്റി. നേരത്തെ ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, എക്സ്പോ സിറ്റിയിലെ സ്ഥലസൗകര്യങ്ങളും ഗതാഗതത്തെ ബാധിക്കാത്തതുമാണ് ഇവിടേക്ക് മാറ്റാൻ കാരണം. ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മാരത്തണിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
ദുബൈയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്. മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യന്മാരെ നിർണയിക്കുന്നത്. ഇതിനുപുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്. ദുബൈ സ്പോർട്സ് കൗൺസിലിനുപുറമെ ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്, അൽ അമീൻ സർവിസ്, എമിറേറ്റ്സ് അസോസിയേഷൻ ഫോർ കെയർ ആൻഡ് കൈൻഡ്നെസ് ഓഫ് പേരൻറ്സ് തുടങ്ങിയവരും മാരത്തണിന്റെ സംഘാടനത്തിൽ ഭാഗമാണ്. ഫെബ്രുവരി എട്ടുവരെ രജിസ്റ്റർ ചെയ്യാം. dubaimarathon.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പതിനായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.

