ദുബൈ മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ
text_fieldsദുബൈ മാരത്തണിലെ പുരുഷ വിഭാഗം വിജയികൾക്കൊപ്പം ശൈഖ് മൻസൂർ ബിൻ
മുഹമ്മദ് ആൽ മക്തൂം
ദുബൈ: 17,000ത്തിലേറെ പേർ പങ്കെടുത്ത ദുബൈ മാരത്തണിൽ ഇതോപ്യൻ താരങ്ങളുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ ഓട്ടക്കാർ ചാമ്പ്യന്മാരായി. ബുതെ ഗെമെച്ചുവാണ് പുരുഷ ചാമ്പ്യൻ. വനിതാ വിഭാഗത്തിൽ ബെദതു ഹിർപ ഒന്നാം സ്ഥാനത്തെത്തി.
രണ്ടു വിഭാഗത്തിലും ആദ്യ പത്തു സ്ഥാനങ്ങൾ സ്വന്തമാക്കിയത് ഇത്യോപ്യൻ അത്ലറ്റുകളാണ്. ദുബൈ മാരത്തണിലെ കന്നിയങ്കത്തിലാണ് ഗെമച്ചുവിന്റെ കിരീടനേട്ടം. രണ്ടു മണിക്കൂർ നാല് മിനിറ്റ് അമ്പത് സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ ഓട്ടം പൂർത്തിയാക്കിയത്. ഇത്യോപ്യയുടെതന്നെ ബെറെഹാനു സെഗു രണ്ടാമതെത്തി. ഷിഫെറ തംറും മൂന്നാം സ്ഥാനം സ്വന്തമാക്കി.
ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂം വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വനിതാ വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഹിർപ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഇത്യോപ്യയുടെതന്നെ ദെറ ദിദ രണ്ടാമതെത്തി. നാലു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഹിർപയുടെ കിരീടനേട്ടം. രണ്ട് മണിക്കൂർ പതിനെട്ട് മിനിറ്റ് ഇരുപത്തിയേഴ് സെക്കൻഡിലാണ് ഹിർപ ഓട്ടം പൂർത്തിയാക്കിയത്.
ദുബൈ മാരത്തണിന്റെ ആകാശ ദൃശ്യം
നാലു സെക്കൻഡ് വ്യത്യാസത്തിൽ ദിദയും. ഇത്യോപ്യയുടെതന്നെ ടിജിസ്റ്റ് ഗിർമ മൂന്നാമതെത്തി. എൺപതിനായിരം യു.എസ് ഡോളറാണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. വിവിധ വിഭാഗങ്ങളിലായി 17000 പേരാണ് ഓട്ടത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. മുൻ ലോക ചാമ്പ്യനും ഇത്യോപ്യൻ അത്ലറ്റുമായ ലെലിസ ഡെസിസ, കെനിയൻ ദീർഘദൂര ഓട്ടക്കാരൻ ഡെന്നിസ് കിമെറ്റോ തുടങ്ങിയവർ എലൈറ്റ് ഫീൽഡിൽ അണിനിരന്നിരുന്നു. 1998ൽ ആരംഭിച്ച മാരത്തണിന്റെ ഇരുപത്തിനാലാം പതിപ്പായിരുന്നു ഇത്തവണത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

