വിജ്ഞാന ഉച്ചകോടിക്ക് ഗംഭീര തുടക്കം
text_fieldsദുബൈ: വരുംകാലത്തിെൻറ വെല്ലുവിളികളെ നേരിടാൻ മൂല്യമുള്ള വിദ്യാഭ്യാസം തന്നെയാണ് ഏറ്റവും ശക്തമായ ആയുധമെന്ന സന്ദേശവുമായി മുഹമ്മദ് ബിൻ റാശിദ് നോളജ് ഫൗണ്ടേഷൻ ആതിഥ്യം വഹിക്കുന്ന നാലാമത് വിജ്ഞാന ഉച്ചകോടിക്ക് ദുബൈയിൽ ഉജ്വല തുടക്കം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് ഭരണകർത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും സംബന്ധിക്കുന്നുണ്ട്.
നാലാമത് വ്യാവസായിക വിപ്ലവത്തിലേക്ക് എന്ന പ്രമേയം സ്വീകരിച്ച ഇൗ വർഷത്തെ ഉച്ച കോടിയിൽ േജാർദാൻ പ്രധാനമന്ത്രി ഹനി അൽ മുൽകിയാണ് വിശിഷ്ടാതിഥി. അറബ് ലോകം സാേങ്കതിക മുന്നേറ്റങ്ങളെ സ്വീകരിക്കാൻ സജ്ജമാവുക പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സാേങ്കതിക വിദ്യാ വിപ്ലവം മനുഷ്യനും യന്ത്രങ്ങളും തമ്മിൽ മത്സരവും സഹകരണവും ഒത്തുചേർന്ന തുടർ പ്രവർത്തനമാണ്. മനുഷ്യെൻറ സ്ഥാനം യന്ത്രങ്ങൾ കൈയടക്കുകയല്ല ഡിജിറ്റൽ മുന്നേറ്റത്തിൽ സംഭവിക്കുന്നത്.
വിവിധ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം, സ്വയം നിയന്ത്രിത വാഹനങ്ങൾ,ത്രിഡി പ്രിൻറിങ് തുടങ്ങിയ പുത്തൻ സാേങ്കതിക വികസനങ്ങളെല്ലാം മനുഷ്യ ശാക്തീകരണത്തിനാണ്. കൂടുതൽ ഉൽപാദനക്ഷമതയും പ്രകൃതി വിഭവങ്ങൾക്കുമേൽ കുറഞ്ഞ സമ്മർദവും സാധ്യമാവണം. അതു വഴി എല്ലാ മനുഷ്യർക്കും മികച്ച ജീവിത സാഹചര്യവും സൃഷ്ടിക്കപ്പെടണം.
ആഗോള വിജ്ഞാന സൂചികയും സമ്മിറ്റിെൻറ ഭാഗമായി പുറത്തുവിട്ടു. 131 രാജ്യങ്ങളിൽ സ്വിറ്റ്സ്വർലൻറിനാണ് ഒന്നാം സ്ഥാനം. സിംഗപ്പൂർ രണ്ടും ഫിൻലൻറ് മൂന്നും നെതർലൻറ്സ് നാലും സ്ഥാനത്താണ്. 25 ആണ് യു.എ.ഇയുടെ സ്ഥാനം. യമൻ ആണ് ഏറ്റവും പിന്നിൽ. വിദ്യാഭ്യാസ പുരോഗതിക്ക് മികച്ച സംഭാവനകളർപ്പിച്ചവർക്കുള്ള 10 ലക്ഷം ഡോളറിെൻറ ശൈഖ് മുഹമ്മദ് ബിൻ റാശിദ് നോളജ് അവാർഡ് ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനിച്ചു. ജപ്പാനിലെ മിസ്തുബ്ഷി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ ഹിരോഷി കോമിയാമ, ടീച്ച് ഫോർ അമേരിക്ക സ്ഥാപക വെൻഡി കോപ്പ്, സൗദിയിലെ മിസ്ക് ഫൗണ്ടേഷൻ എന്നിവരാണ് ജേതാക്കൾ.