മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബൈ കെ.എം.സി.സി
text_fieldsആക്ടിങ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമലയുടെ അധ്യക്ഷത നടന്ന ദുബൈ കെ.എം.സി.സി നേതൃയോഗം
ദുബൈ: ദുബൈയിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിന് ദുബൈ കെ.എം.സി.സിയിൽ സംവിധാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ കെ.എം.സി.സിയുടെ സേവനമുണ്ടെന്നും പുതിയ സാഹചര്യത്തിൽ ഇക്കാര്യം പ്രവാസി സമൂഹത്തെ ഓർമ്മപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആക്ടിങ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എന്നിവർ പറഞ്ഞു.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെ അംഗീകാരത്തോടെയാണ് സേവനം നൽകുന്നത്. ഇതിനായി ഒരു എമെർജൻസി വിങ് പ്രവർത്തിക്കുന്നുണ്ട്. ദുബൈ സർക്കാറിന് കീഴിലുള്ള കമ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ)യുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന ദുബൈ കെ.എം.സി.സിക്ക് പ്രവാസികളെ ഏത് സാഹചര്യത്തിലും നിയമപരമായ രീതിയിൽ സഹായിക്കാനുള്ള സൗകര്യങ്ങളുണ്ട്.
എല്ലാ മാസവും സൗജന്യ ലീഗൽ അദാലത്ത് ഉൾപ്പെടെ കെ.എം.സി.സി ഓഫീസിൽ നടന്നുവരുന്നു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇസ്മായിൽ ഏറാമല അധ്യക്ഷനായി. അബ്ദുൽ ഖാദർ അരിപ്പാമ്പ്ര പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, ഒ.മൊയ്തു, അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, നാസർ മുല്ലക്കൽ സംസാരിച്ചു. സേവനങ്ങൾക്ക് (04) 2727773 എന്ന നമ്പറിൽ നേരിട്ടും വാട്ട്സ്ആപ്പിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

