ദുബൈയിൽ ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർധന; ഈ വർഷം ആദ്യ പകുതിയിൽ നൽകിയത് ലക്ഷത്തിലധികം
text_fieldsദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 2026ന്‍റെ ആദ്യ പകുതിയിൽ 119,188 ഡ്രൈവിങ് ലൈസൻസുകൾ വിതരണം ചെയ്തു. ഇതിൽ 96,400 എണ്ണം പുതിയ ലൈസൻസുകളും, 22,788 എണ്ണം അംഗീകൃത വിദേശ രാജ്യങ്ങളിലെ ലൈസൻസുകൾക്ക് പകരമായി മാറ്റിയെടുത്തവയുമാണ്. ജനസംഖ്യാ വർധന, അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ച, താമസിക്കാനും നിക്ഷേപം നടത്താനുമുള്ള മികച്ച ഇടം എന്ന നിലയിലുള്ള ദുബൈയുടെ ആഗോള സ്വീകാര്യത എന്നിവ ഡ്രൈവിങ് ലൈസൻസുകളുടെ ആവശ്യകത ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മികച്ച ഡ്രൈവർമാരെ വാർത്തെടുക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും സഹായത്തോടെയുള്ള സംയോജിത പരിശീലന സംവിധാനമാണ് ആർ.ടി.എ ഒരുക്കിയിരിക്കുന്നത്. മഴ, മഞ്ഞ്, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ കൃത്യമായി അനുകരിക്കുന്ന ആധുനിക സിമുലേറ്ററുകളിലൂടെയാണ് പഠിതാക്കൾക്ക് സുരക്ഷിത പരിശീലനം നൽകുന്നത്. ഇതിനുപുറമെ, ടെസ്റ്റിങ് യാർഡുകളിൽ കാമറകളും സ്മാർട്ട് സെൻസറുകളും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഡ്രൈവിങ് സുതാര്യവും കുറ്റമറ്റതുമായ രീതിയിൽ വിലയിരുത്താനും സാധിക്കുന്നുണ്ട്.
പൂർണമായും ആഗോള നിലവാരത്തിലുള്ള പരിശീലന പാഠ്യപദ്ധതികളാണ് ദുബൈയിൽ പിന്തുടരുന്നത്. സുരക്ഷിതമായ ഡ്രൈവിങ്, ട്രാഫിക് നിയമങ്ങൾ, വേഗപരിധി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം, കാൽനടയാത്രക്കാരുടെ അവകാശങ്ങൾ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്‍റെ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനത്തിൽ വലിയ ഊന്നൽ നൽകുന്നുണ്ട്. റോഡുകളിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെയും അപകടങ്ങളെയും മുൻകൂട്ടി കണ്ട് കൃത്യമായി പ്രതികരിക്കാൻ ഡ്രൈവർമാരെ പ്രാപ്തരാക്കും. അപകടങ്ങൾ കുറക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ഉറപ്പുവരുത്തുന്നതിനായി ഇൻസ്ട്രക്ടർമാർക്ക് മികച്ച പരിശീലന പരിപാടികളും കൃത്യമായ ഇടവേളകളിൽ മൂല്യനിർണയവും നടത്തുന്നുണ്ട്. ഇതിനുപുറമെ ദുബൈ പൊലീസുമായി സഹകരിച്ച്, സ്മാർട്ട് യാർഡ് - റോഡ് ടെസ്റ്റുകളിലും ഉപഭോക്തൃ സേവനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇൻസ്ട്രക്ടർമാരെയും പരിശീലന സ്ഥാപനങ്ങളെയും ആർ.ടി.എ ആദരിക്കാറുണ്ട്.
ട്രാഫിക് ഫയൽ തുറക്കുന്നതുമുതൽ ലൈസൻസ് ലഭിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാണ്. നേത്രപരിശോധന, തിയറി ക്ലാസുകൾ, നോളജ് ടെസ്റ്റ്, പ്രായോഗിക പരിശീലനം, ഇന്‍റേണൽ അസസ്‌മെന്‍റുകൾ, പാർക്കിങ് ടെസ്റ്റുകൾ എന്നിവക്കുശേഷം ആർ.ടി.എയുടെ അന്തിമ റോഡ് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കുന്നതോടെയാണ് ദുബൈയിൽ ലൈസൻസ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

