ദുബൈ ഏറ്റവും ലാഭകരമായ നഗരം
text_fieldsദുബൈ: നിക്ഷേപകർക്ക് ഏറ്റവും മികച്ച അവസരങ്ങളൊരുക്കുന്ന ദുബൈക്ക് ഒരു അംഗീകാരം കൂടി. ലോകത്തിലെ ഏറ്റവും ലാഭകരമായ നഗരമാണ് ദുബൈ എന്നതാണ് യു.കെ ആസ്ഥാനമായ പുതിയ സർവെ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ സമീപത്താണ് ഏറ്റവും കൂടുതൽ പ്രേപർട്ടി ബിസിനസിൽ ലാഭമുണ്ടാക്കാൻ സാധിക്കുന്നതെന്നും സി.ഐ.എ ലാൻഡ് ലോർഡ്സ് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഒരു വസ്തുവിൽ നിക്ഷേപിച്ച ശേഷം പണം തിരികെ ലഭിക്കാൻ നാല് മാസത്തിൽ കൂടുതലെടുക്കുന്നില്ലെന്നും ഇതിൽ പറയുന്നുണ്ട്.
ബുർജ് ഖലീഫക്ക് പരിസരത്തെ വസ്തുക്കളിൽ നിക്ഷേപമിറക്കിയവർ ഓരോ രാത്രിയും ശരാശരി 1150ഡോളർ ലാഭമുണ്ടാക്കുന്നുണ്ട്. 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിന്റെ അല്ലെങ്കിൽ ഒരു കിടപ്പുമുറിയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗത്തിൽ ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ ഏറ്റവും വലിയ അറബ് സമ്പദ്വ്യവസ്ഥയായ യു.എ.ഇയിലെ പ്രോപ്പർട്ടി മാർക്കറ്റ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ശക്തമായ തിരിച്ചെത്തിയതായും പഠനം വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപടുകളുടെ പിൻബലത്തിലാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടിരിക്കുന്നത്. ഇത് ദുബൈയിലും അബൂദബിയിലും പ്രൊപർട്ടി വിൽപനകൾ വർധിക്കാനും കാരണമായി. അതിനിടയിൽ പ്രഖ്യാപിക്കപ്പെട്ട പുതിയ ഗ്രീൻ വിസകളും ഗോൾഡൻ വിസയുടെ വിപുലീകരണവും വിപണിക്ക് ഉണർവേകുന്നതിന് നിമിത്തമായി -പഠനം പറയുന്നു. ഭാവിയിലും വലിയ മുന്നേറ്റത്തിന് ദുബൈ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നത് നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വൻകിട നിക്ഷേപകരും ദുബൈയോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
സർവെ അനുസരിച്ച് അമേരിക്കയിലെ ഹവായ് നഗരമാണ് ദുബൈക്ക് പിറകിൽ വേഗത്തിൽ ലാഭം ലഭിക്കുന്ന സ്ഥലം. അതേസമയം ചിലവേറിയ നഗരങ്ങളുടെ പട്ടികയിലും ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. ന്യൂയോർകാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

