പ്രതിഭകളുടെ ആഗോള ഹബ്ബായി ദുബൈ
text_fieldsദുബൈ: ക്രിയാത്മക ചിന്തകളും വിവിധ മേഖലകളിൽ പ്രാഗല്ഭ്യവുമുള്ള പ്രതിഭകളുടെ കേന്ദ്രമായി ദുബൈ. ദുബൈ കൾച്ചറൽ ആൻഡ് ആർട്സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററുമായി സഹകരിച്ച് 2018 മുതൽ 2020 വരെ നടത്തിയ പഠനം അനുസരിച്ച് ഓരോ വർഷവും പ്രതിഭകളുടെയും ക്രിയേറ്റിവ് സ്ഥാപനങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചു വരുന്നതായി പറയുന്നു. 2017ൽ യുനസ്കോയുടെ ആദ്യത്തെ ക്രിയേറ്റിവ് സിറ്റി ഓഫ് ഡിസൈനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിറകെ ദുബൈയിൽ നടപ്പാക്കിയ പുതിയ നയങ്ങളാണ് ഈ മാറ്റത്തിന് കാരണം. ഇതുവഴി ദുബൈയുടെ ജി.ഡി.പിയിലും വർധനയുണ്ടായി. 2020ൽ രാജ്യത്തിന്‍റെ ജി.ഡി.പിയിൽ നാല് ശതമാനവും സംഭാവന ചെയ്തത് ക്രിയേറ്റിവ് മേഖലകളാണ്.
ക്രിയേറ്റിവ് ഇക്കോണമിയെ ആറ് മേഖലകളായി തിരിച്ചിട്ടുണ്ട്. സംസ്കാരികം, ബുക്സ്, കലയും ആഘോഷവും വിഷ്വൽ മീഡിയ, വിഷ്വൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, ഡിസൈൻ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇവയെ 27 ഉപഘടകങ്ങളായും തിരിച്ചു. സാംസ്കാരിക വിദ്യാഭ്യാസം, സംഗീതം, ഫോട്ടോഗ്രഫി, ഫൈൻ ആർട്സ്, സിനിമ, വിഡിയോ ഗെയിം, ഫാഷൻ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപെടുന്നതാണ്. 2018ൽ ക്രിയേറ്റിവ് സംരംഭങ്ങൾ 10,351 ആയിരുന്നെങ്കിൽ 2019ൽ ഇത് 13,144 ആയി ഉയർന്നു. 2020ൽ ഇത് 14,771 ആയി. 2019നെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് തൊട്ടടുത്ത ദിവസമുണ്ടായത്. ഇതുവഴി നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2018ൽ ഈ മേഖലയിൽ 1,00,486 തൊഴിലവസരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, കോവിഡ് എത്തിയതോടെ തൊഴിലവസരങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ 2020ൽ കഴിഞ്ഞില്ല. 2020ൽ 0.4 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്.
അതേസമയം, ക്രിയേറ്റിവ് സംരംഭങ്ങളിലെ 98 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. 2018ൽ 10,112 ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2020ൽ ഇത് 12.5 ശതമാനം ഉയർന്ന് 14,500ൽ എത്തി. പ്രതിഭകൾക്ക് ദീർഘകാല വിസ നൽകിയത് കഴിഞ്ഞ വർഷങ്ങളിൽ ഏറെ ഗുണം ചെയ്തു. 2026ൽ ദുബൈയെ ക്രിയേറ്റിവ് ഇക്കോണമിയുടെ ആഗോള തലസ്ഥാനമാക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

