വ്യോമ ഗതാഗതത്തിൽ ദുബൈ തന്നെ താരം
text_fieldsദുബൈ: എയർപോർട് കൗൺസിൽ ഇന്റർനാഷണലിന്റെ 2024ലെ എയർ കണക്റ്റിവിറ്റി റാങ്കിങിൽ ദുബൈ വിമാനത്താവളം ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്ത്. ലോകത്തെ വിവിധ ഭാഗങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കാനുള്ള സൗകര്യത്തിൽ ഏറ്റവും മികവ് പുലർത്തിയതാണ് നേട്ടത്തിന് കാരണം. ആഗോള വ്യോമയാനത്തിൽ കണക്റ്റിവിറ്റി വളരെ പ്രധാനമാണെന്നും ഇക്കാര്യത്തിൽ വീണ്ടും അംഗീകാരം ലഭിച്ചതിൽ എറെ സന്തോഷമുണ്ടെന്നും നേട്ടത്തെ കുറിച്ച് ദുബൈ എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് അഭിപ്രായപ്പെട്ടു. ദുബൈ വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നത് നെറ്റ്വർക്കിന്റെ വ്യാപ്തി മാത്രമല്ല, വിമാനത്താവളം നൽകുന്ന കണക്ഷനുകളുടെ സ്ഥിരതയും ഗുണനിലവാരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ഭൂഖണ്ഡങ്ങളിലായി 265 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനത്താവളത്തിൽ നിന്ന് നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇത് ആഗോള വ്യാപാരം, വിനോദസഞ്ചാരം, സുസ്ഥിര സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയെ വലിയ രീതിയിൽ ശക്തിപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം ഉപയോഗിച്ചത് 9.2കോടി പേരാണെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു.
2023നേക്കാൾ 6 ശതമാനത്തോളം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ 2024ൽ രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പത്തെ 2018ലെ 8.91കോടി എന്ന റെക്കോർഡ് എണ്ണത്തെയും മറികടന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം ദുബൈ വിമാനത്താവളം നിലനിർത്തുകയായിരുന്നു. മൂന്ന് ലക്ഷം വിമാന സർവീസുകളാണ് കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ നിന്ന് രേഖപ്പെടുത്തിയത്. 106വിമാനക്കമ്പനികൾ 107 രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ദുബൈയിൽ നിന്ന് നടത്തുന്നുണ്ട്. ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബൈയിൽ നിന്ന് ഏറെ വിമാനങ്ങൾ പോകുന്നത്.
2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 1.67കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈയിലെത്തിയിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9ശതമാനം വർധനവാണിത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ദുബൈ ടൂറിസം സെക്ടറിന്റെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള പ്രകടന റിപ്പോർട്ട് അനുസരിച്ച്, എമിറേറ്റിൽ നവംബറിൽ മാത്രം 18.3ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പാണ് ദുബൈയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ഉറവിടം. മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ 20ശതമാനമാണിത്. ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ് രണ്ടാമതെത്തിയത്.
ദുബൈയിൽ പുതുതായി വികസിപ്പിക്കുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032ൽ പ്രവർത്തനസജ്ജമാകുമെന്ന് ആഴ്ചകൾക്ക് മുമ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ദുബൈ അന്താരാഷ്രട വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും ഇതോടെ ആൽ മക്തൂമിലേക്ക് മാറുമെന്നും വർഷത്തിൽ 15കോടി യാത്രക്കാരെ ഉൾകൊള്ളാനാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവെകളും ഉൾകൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കി.ലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

