ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു
text_fieldsദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള
അക്കാദമിക വിദഗ്ധർ
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ മൂവൻപിക്ക് കോൺഫറൻസ് ഹാളിൽ നടന്ന അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു. അറബി ഭാഷയുടെ പ്രതിസന്ധി അറബ് സമൂഹത്തിന്റെ പ്രതിസന്ധിയാണെന്ന തലക്കെട്ടിലാണ് മൂന്നു ദിവസത്തെ സമ്മേളനം ഒരുക്കിയത്.
73 രാജ്യങ്ങളിൽനിന്നായി 1700 അക്കാദമി വിദഗ്ധരും ഭാഷാപണ്ഡിതരും ഗവേഷകരും പങ്കെടുത്ത സമ്മേളനത്തിൽ 800 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.123 സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അറബി ഭാഷയുടെ സമകാലിക ചലനങ്ങളും സാഹിത്യ സാമൂഹിക രംഗത്തെ വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്തു. നിർമിതബുദ്ധിയുടെ കാലത്ത് ആധുനിക ടൂളുകൾ ഉപയോഗിച്ച് അറബി ഭാഷ പഠനം മെച്ചപ്പെടുത്താൻ കഴിയുമെന്ന ആഴത്തിലുള്ള ചർച്ചയും സമ്മേളനത്തിൽ നടന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആഗോളതലത്തിൽ അറബി ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സമഗ്രമായ സംഭാവനകൾക്കുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം അറബി ഭാഷ അവാർഡ് ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം വിതരണം ചെയ്തു.
കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽനിന്നും കോളജുകളിൽനിന്നുമായി ഡോ. ശൈഖ് മുഹമ്മദ് (പ്രിൻസിപ്പൽ ഇ.ടി.സി.ഇ.എസ് കോളജ് മഞ്ചേരി), ഡോ.ഇ. അബ്ദുൽ മജീദ് (അറബിക് വിഭാഗം കാലിക്കറ്റ് സർവകലാശാല), ഡോ.എ.ഐ. അബ്ദുൽ മജീദ് (പ്രിൻസിപ്പൽ, അൻസ്വാർ അറബിക് കോളജ്, വളവന്നൂർ), യൂസുഫ് നദ് വി ഓച്ചിറ (റിസർച് സ്കോളർ, എം.യു.എ കോളജ് പുളിക്കൽ), ഡോ.ഇ.കെ സാജിദ് (പ്രിൻസിപ്പൽ, എം.എം.ഒ കോളജ്, മുക്കം) ഡോ. സുബൈർ വാഴമ്പുറം, മുഹമ്മദ് ആര്യൻ തൊടിക, ഡോ. അബ്ദുൽ മജീദ്, അബ്ദുൽ അസീസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

