ദുബൈ വീണ്ടും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം
text_fieldsദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി നിലനിർത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. 6.02 കോടി സീറ്റുകളുമായാണ് ‘ഡി.എക്സ്.ബി’ 2024ലും ആഗോളതലത്തിൽ മുൻനിരയിൽ സ്ഥാനം നിലനിർത്തിയത്. 2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനയും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയതെന്ന് ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു.
2024ലെ ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങളിൽ ദുബൈ രണ്ടാം സ്ഥാനവും നേടി. ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ മൊത്തം എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതേസമയം, ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ച് മാത്രമാണ് കണക്കാക്കുന്നത്.
ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബൈയിൽ നിന്ന് ഏറെ വിമാനങ്ങൾ പോകുന്നത്. ആകെ 106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനത്താവളത്തിൽ നിന്ന് സർവിസുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു.
ജനുവരിയിൽ ആദ്യ 15 ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്. ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷാദ്യ തിരക്കിനാണ് ഇത്തവണ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 1.67 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയാണിത്.
ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ദുബൈ ടൂറിസം സെക്ടറിന്റെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള പ്രകടന റിപ്പോർട്ട് അനുസരിച്ച്, എമിറേറ്റിൽ നവംബറിൽ മാത്രം 18.3 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ട്. ജനുവരിയിൽ 17.7 ലക്ഷം, ഫെബ്രുവരിയിൽ 19 ലക്ഷം, മാർച്ചിൽ 15.1 ലക്ഷം, ഏപ്രിലിൽ 15 ലക്ഷം, മേയിൽ 14.4 ലക്ഷം, ജൂണിൽ 11.9 ലക്ഷം, ജൂലൈയിൽ 13.1 ലക്ഷം, ആഗസ്റ്റിൽ 13.1 ലക്ഷം, സെപ്റ്റംബറിൽ 13.6 ലക്ഷം, ഒക്ടോബറിൽ 16.7 ലക്ഷം എന്നിങ്ങനെയാണ് വിനോദ സഞ്ചാരികൾ എത്തിയത്.
ഈ 11 മാസങ്ങളിൽ പടിഞ്ഞാറൻ യൂറോപ്പാണ് ദുബൈയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ഉറവിടം. മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ 20 ശതമാനമാണിത്. ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ് രണ്ടാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

