ദുബൈ ഇമിഗ്രേഷൻ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം
text_fieldsജി.ഡി.ആർ.എഫ്.എ ദുബൈ പ്രധാന കാര്യാലത്തിൽ നടന്ന യു.എ.ഇ ദേശീയ ദിനാഘോഷത്തിൽനിന്ന്
ദുബൈ: ദുബൈ ഇമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) ഡിപ്പാർട്ട്മെന്റിന്റെ യു.എ.ഇ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത അതിർത്തി, അൽ അവീർ വയലറ്റേഴ്സ് അക്കോമഡേഷൻ സെന്റർ, അൽ ജാഫ്ലിയയിലെ ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണ് ‘യുനൈറ്റഡ്’ എന്ന തലക്കെട്ടിൽ 54ാമത് ദേശീയ ദിന ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നത്. ജാഫ്ലിയയിലെ പ്രധാന ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മുഖ്യ അതിഥിയായിരുന്നു. അസി. ഡയറക്ടർ ജനറൽമാരും സിവിലിയൻ-സൈനിക ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ ആരംഭത്തിൽ നടന്ന സൈനിക പരേഡ് ആകർഷകമായിരുന്നു. തുടർന്ന് പ്രധാന ഹാളിലും ഓഫിസ് പരിസരങ്ങളിലും യൂനിയൻ ഡേ പ്രദർശനത്തിന് തുടക്കം കുറിച്ചു. ഇമാറാത്തിന്റെ തനത് നാടൻ കലാരൂപങ്ങളുടെ അവതരണവും ആഘോഷങ്ങളുടെ ഭാഗമായി. പൈതൃക സാംസ്കാരിക മുദ്രകൾ അടയാളപ്പെടുത്തി കൊണ്ടുള്ള ഹെറിറ്റേജ് സൂക്കും സജ്ജീകരിച്ചിരുന്നു. ആഘോഷ പരിപാടികളിൽ സ്വദേശികളും ഇന്ത്യക്കാരാക്കമുള്ള വിദേശികളും പങ്കാളികളായി. അൽ അവീറിലെ കേന്ദ്രത്തിലും പ്രത്യേക ദേശീയ ദിന പ്രദർശനവും ദേശീയ-പൈതൃക പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു. ഹത്തയിൽ ഹത്ത ഹെറിറ്റേജ് വില്ലേജിൽ ദിവസവും വിവിധ മത്സരങ്ങൾ, കുട്ടികളുടെ ‘ലിറ്റിൽ ട്രേഡർ’ മാർക്കറ്റ്, സന്ദർശകർക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. ഹത്ത അതിർത്തി കവാടത്തിലെത്തുന്ന യാത്രികർക്ക് ഹെറിറ്റേജ് വില്ലേജ് ഭൂപടമടങ്ങിയ സ്മരണികകൾ നൽകുന്നുണ്ട്. ദുബൈ വിമാനത്താവളം ടെർമിനൽ 3-ൽ ‘സായിദ് ആൻഡ് റാശിദ്’ കാമ്പെയ്നിന്റെ ഭാഗമായി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയോടൊപ്പമുള്ള ഫോട്ടോ സെഷൻ, ‘തസവുൽ വിത്ത് ഹാപ്പിനസ്’ കാർഡുകളിൽ ‘സായിദ് ആൻഡ് റാശിദ്’ ലോഗോ അലങ്കരിക്കൽ, പാസ്പോർട്ട് കൺട്രോൾ മേഖലയിൽ ദേശീയ പതാകകളും ചിഹ്നങ്ങളും, യാത്രക്കാർക്കുള്ള സമ്മാനങ്ങൾ എന്നിവയും എയർപോർട്ടിലെ ആഘോഷങ്ങളുടെ ഭാഗമാകും.
ദേശീയ ദിനാഘോഷം; മൂന്നുദിവസം അബൂദബിയില്‍ പാര്‍ക്കിങ് സൗജന്യം
അബൂദബി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഇന്നുമുതല്‍ തുടര്‍ച്ചയായ മൂന്നുദിവസങ്ങളില്‍ അബൂദബിയില്‍ പാര്‍ക്കിങ് സൗജന്യം. ദര്‍ബ് ടോളുകളും ഈ ദിവസങ്ങളില്‍ ഈടാക്കുന്നതല്ല. ഡിസംബര്‍ മൂന്ന് ബുധന്‍ മുതല്‍ പാര്‍ക്കിങ്, ദര്‍ബ് ടോള്‍ പുനരാരംഭിക്കുമെന്നും എഡി മൊബിലിറ്റി അറിയിച്ചു.
ദുബൈയിലും ഈ ദിവസങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതല്ല. അതേസമയം അല്‍ ഖൈല്‍ ഗേറ്റ് എന്‍-365ലും ബഹുനില കാര്‍ പാര്‍ക്കുകളിലും ഇളവുണ്ടായിരിക്കുന്നതല്ലെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കും ആവശ്യവും പരിഗണിച്ച് ദുബൈ മെട്രോ, ദുബൈ ട്രാം പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

