ആശ്വാസ പാക്കേജുമായി ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി
text_fieldsദുബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ പിന്തുണക്കുന്നതിനുമായി ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി (ഡി.എച്ച്.സി.എ) ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചു. മഹാമാരിമൂലം വിവിധ മേഖലകൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശങ്ങൾക്ക് അനുസൃതമായാണ് സമാശ്വാസ പാക്കേജിന് രൂപം നൽകിയിരിക്കുന്നത്. സ്വതന്ത്ര മേഖലയിലെ വിവിധ ബിസിനസ് വിഭാഗങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഡി.എച്ച്.സി.എയുടെ ദുരിതാശ്വാസ പാക്കേജ്, മൂന്ന് വിശാലമായ ഘടകങ്ങളാണ് പ്രത്യേകമായി പരിഗണിക്കുന്നത്. കോവിഡ് വ്യാപനം നേരിട്ട് ബാധിച്ച വിഭാഗങ്ങൾക്ക് ഇളവുകളും കിഴിവുകളും നൽകുന്നതോെടാപ്പം ഡി.എച്ച്.സി.എയുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് അധിക ആനുകൂല്യങ്ങൾ നൽകും.
ആശുപത്രികൾ, ക്ലിനിക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, ഹോട്ടലുകൾ, ഫുഡ് ഔട്ട്ലെറ്റുകൾ, കൺസൽട്ടൻസികൾ, ബിസിനസ് സേവനവിഭാഗങ്ങൾ എന്നിവക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് പാക്കേജ്. ചില ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, വിദ്യാഭ്യാസ സംഘടനകൾ, ഹോസ്പിറ്റാലിറ്റി, സേവനങ്ങൾ എന്നിവ നേരിട്ട് ബാധിച്ചതായി കണക്കാക്കപ്പെടുന്ന വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് അനുസൃതമായി വിഭാഗങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുകയോ ഗണ്യമായി കുറക്കുകയോ ചെയ്യേണ്ടിവന്നതിനാൽ വരുമാനം വളരെയധികം കുറഞ്ഞ് പ്രതിസന്ധിയിലായതിനെ തുടർന്നാണിത്. ഡി.എച്ച്.സി.എ പ്രോപ്പർട്ടികളിൽ സ്ഥിതിചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മൂന്നു മാസത്തേക്ക് ഉപാധികളോടെയുള്ള വാടക ഇളവുകൾ, നിശ്ചിത കാലയളവിലേക്കുള്ള വാടക മാറ്റിവെക്കൽ എന്നിവ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, നേരിട്ട് ബാധിച്ച എല്ലാ വിഭാഗങ്ങളുടെയും വാണിജ്യ, ക്ലിനിക്കൽ ഫീസുകൾക്ക് 25-100 ശതമാനം കിഴിവും ഫാർമസികളും സൂപ്പർമാർക്കറ്റുകളും ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങൾക്കും വാണിജ്യ, ക്ലിനിക്കൽ ഫീസുകളിൽ 25-50 ശതമാനം കിഴിവും പാക്കേജിൽ വാഗ്ദാനം ചെയ്യുന്നു.
ഡി.എച്ച്.സി.സി കമ്യൂണിറ്റിയിലെ പങ്കാളികളെല്ലാംം ഞങ്ങളുടെ ഏറ്റവും മൂല്യവത്തായ സ്വത്തുകളാണ്. എമിറേറ്റിന് മികച്ച ആരോഗ്യ പരിപാലനശേഷി സംഭാവന ചെയ്യുന്നതിനും ആഗോളതലത്തിൽ ദുബൈ നഗരത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ നഗരങ്ങളിലൊന്നായും മുൻഗണനാ നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറ്റുന്നതിനും ഇവരുടെ പങ്ക് വലുതാണ്. ദുബൈ സർക്കാർ നിർദേശങ്ങൾക്കനുസൃതമായി നിക്ഷേപകരെയും ചെറുതും ഇടത്തരം വ്യവസായങ്ങളുടെ ബിസിനസ് തുടർച്ചയെ പിന്തുണക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനെയും വളർച്ചയെയും ഉത്തേജിപ്പിക്കുന്നതിനുള്ള സമഗ്രമായ ശ്രമങ്ങളാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.എച്ച്.സി.എ സി.ഇ.ഒ ജമാൽ അബ്ദുൽ സലാം പറഞ്ഞു. ഡി.എച്ച്.സി.എ ദുരിതാശ്വാസ പാക്കേജിെൻറ ബാധകമായ നിബന്ധനകൾപ്രകാരം, വാണിജ്യ ലൈസൻസുകളുമായും ക്ലിനിക്കൽ ഓപറേറ്റിങ് പെർമിറ്റുകളുമായും ബന്ധപ്പെട്ട ചില ഫീസുകൾ ഒഴികെയുള്ള മൂന്നു മാസത്തേക്ക് കുറച്ച റെഗുലേറ്ററി ഫീസ് പ്രയോജനപ്പെടുത്താം. അവ 2020 അവസാനം വരെ ഉപയോഗിക്കുകയും ചെയ്യാം.