'മൃതദേഹം കൊണ്ടുപോകുന്ന പെട്ടി, ആംബുലൻസ്, ടൈപ്പിങ് ഫീസ് ഉൾപ്പെടെ 3130 ദിർഹം'; എംബാമിങ് നടപടി ക്രമങ്ങൾ വിശദീകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി
text_fieldsrepresentation image
ദുബൈ: യു.എ.ഇയിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള രേഖകളുടെയും അതിന് ഈടാക്കുന്ന ഫീസുകളുടെയും വിശദാംശങ്ങൾ ദുബൈ ഹെൽത്ത് അതോറിറ്റി പൊതു ജനങ്ങൾക്കായി ലഭ്യമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. എംബാമിങ്, മൃതദേഹം കൊണ്ടുപോകാനുള്ള പെട്ടി, എയർപോർട്ടിലേക്കുള്ള ആംബുലൻസ് ചെലവ്, ടൈപ്പിങ് ഫീസ് എന്നിവയടക്കം 3130 ദിർഹം ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വരിക.
ഇത് കൂടാതെ വിമാന ടിക്കറ്റ് ഇനത്തിൽ ഉള്ള തുകയും ഉണ്ടാകും. വിവിധ വിമാന കമ്പനികൾക്കനുസരിച്ച് ഈ നിരക്കിൽ വ്യത്യാസമുണ്ട്. മാർഗ്ഗരേഖയിൽ പ്രതിപാദിച്ച ഏതെങ്കിലും സാംക്രമിക രോഗങ്ങളാൽ മരണപ്പെട്ട വ്യക്തിയാണെങ്കിൽ എംബാമിങ്ങിനും മൃതദേഹം നാട്ടിലയക്കാനും അനുവാദമുണ്ടാകില്ലെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട വിശദാംശങ്ങൾ അനുസരിച്ച് മരണപ്പെട്ടയാളുടെ സ്പോൺസറോ ബന്ധുക്കളോ താഴെ പറയുന്ന രേഖകൾ എംബാമിങ് കേന്ദ്രത്തിലെ മോർച്ചറിയിൽ ഹാജരാക്കണം.
- ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന മരണം സ്ഥിരീകരിച്ച അറിയിപ്പ്
- മരണ സർട്ടിഫിക്കറ്റ്
- പോലീസിൽ നിന്നുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി)
- എംബസി അല്ലെങ്കിൽ കോൺസുലേറ്ററിൽ നിന്നുള്ള എൻ.ഒ.സി
- വിമാന ടിക്കറ്റിന്‍റെ പകർപ്പ്
- മരിച്ചയാളുടെ പാസ്പോർട്ടിന്‍റെ പകർപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

