ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു
text_fieldsദുബൈ: ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നാല് പ്രദേശങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷണ ഘട്ടത്തിന് ശേഷമാണ് പദ്ധതിയുടെ വിപുലീകരണം. അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ മീഡിയ സിറ്റി, ജുമൈറ ലേക്ക്സ് ടവേഴ്സ്, ദുബൈ മറീന എന്നിവയാണ് പുതിയ ഏഴ് മേഖലകൾ. മുമ്പ് പദ്ധതി നടപ്പാക്കിയ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങൾക്ക് പുറമേയാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സുസ്ഥിരത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.
പ്രത്യേക കാൽനട/സൈക്കിൾ ട്രാക്കുകളുടെ ലഭ്യത, റെസ്റ്റോറന്റുകളുടെയും കടകളുടെയും സാമീപ്യം, ജനസാന്ദ്രത എന്നിവ കണക്കിലെടുത്താണ് പുതിയ പ്രദേശങ്ങൾ തിരഞ്ഞെടുത്തത്. സ്വകാര്യ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം. ഡെലിവറി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന മാർഗനിർദേശങ്ങൾ ആർ.ടി.എ പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷണ ഘട്ടത്തിൽ ഉപഭോക്താക്കളിൽനിന്ന് 99 ശതമാനവും ഡെലിവറി റൈഡർമാരിൽ നിന്ന് 90 ശതമാനത്തിലധികവും സംതൃപ്തി രേഖപ്പെടുത്തിയതായി ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

