ദുബൈക്ക് 181 ബില്യൺ ദിർഹത്തിന്റെ ബജറ്റ്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് ഹംദാൻ ബിൻ മുഹമ്മദും
ദുബൈ: കോവിഡാനന്തര സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാൻ 181 ബില്യൺ ദിർഹത്തിന്റെ ബജറ്റുമായി ദുബൈ സർക്കാർ.
വൻതുക വകയിരുത്തിയ 2022-24 വർഷത്തെ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഞായറാഴ്ച അംഗീകാരം നൽകി.
2022ലേക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 60 ബില്യൺ ദിർഹമാണ്.
ദുബൈയിലെ സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സേവനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപങ്ങൾക്കും പ്രോത്സാഹനവും പിന്തുണയും നൽകുന്നതാണ് ബജറ്റ്. ജീവിക്കാൻ ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റിത്തീർക്കുക എന്ന ഭരണാധികാരികളുടെ ലക്ഷ്യത്തിനനുസരിച്ചാണ് ഇത് തയാറാക്കിയത്. ഈ വർഷം 57.55 ബില്യൺ ദിർഹം പൊതു വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
എണ്ണവരുമാനം കൂടാതെയുള്ളതാണിത്.
ആകെ വരുമാനത്തിന്റെ ആറു ശതമാനമാണ് എണ്ണയിൽനിന്ന് പ്രതീക്ഷയുള്ളത്.
നികുതിയേതര വരുമാനം മൊത്തം റവന്യൂവിന്റെ 57 ശതമാനവും നികുതി വരുമാനം 20 ശതമാനവുമായിരിക്കും.
കസ്റ്റംസ് റവന്യൂ 10 ശതമാനവും സർക്കാർ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ആറു ശതമാനവും പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തികകേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതും മത്സരശേഷി വർധിപ്പിക്കുന്നതും തുടരുമെന്ന് ബജറ്റ് വിവരങ്ങൾ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
അടുത്ത ഘട്ടത്തിലെ ആഗോള സാമ്പത്തിക വീണ്ടെടുക്കൽ ശ്രമങ്ങൾക്ക് നേതൃത്വം നൽകി ഭാവി അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സർക്കാർ ശ്രമം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിന്റെ 24 ശതമാനം പൊതു, ഭരണ ചെലവുകൾക്കായി നീക്കിവെച്ചപ്പോൾ രണ്ടു ശതമാനം കരുതൽധനമായി നീക്കിവെച്ചിട്ടുണ്ട്. ഏതെങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ ആഘാതം തടയാനാണ് കരുതൽ ധനം സൂക്ഷിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും വികസിപ്പിക്കുന്നതിന് മൊത്തം ചെലവിന്റെ 42 ശതമാനം വകയിരുത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം എന്നീ സാമൂഹിക വികസന മേഖലയിൽ സർക്കാർ ചെലവഴിക്കുന്നത് 30 ശതമാനമാണ്.
സുരക്ഷ, നീതിന്യായം തുടങ്ങിയ മേഖലക്ക് 24 ശതമാനവും നീക്കിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

