Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ ഹാർബർ പാലം വികസനം 90 ശതമാനം പൂർത്തിയായി

text_fields
bookmark_border
  • ഇനി​ വെറും മൂന്നു മിനിറ്റ്
  • ഹാർബറിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഈ മാസം പാലം തുറന്നുകൊടുക്കും
ദുബൈ ഹാർബർ പാലം വികസനം 90 ശതമാനം പൂർത്തിയായി
cancel
camera_alt

ദുബൈ ഹാർബർ പാലം

ദുബൈ: എമിറേറ്റിലെ പ്രമുഖ ആധുനിക വാട്ടർഫ്രണ്ട്-വിനോദസഞ്ചാര കേന്ദ്രമായ ദുബൈ ഹാർബറിലേക്ക് നേരിട്ടുള്ള പ്രവേശനവും എക്സിറ്റും നൽകുന്ന പാലം വികസന പദ്ധതിയുടെ 90 ശതമാനം ജോലികളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പൂർത്തിയാക്കി. ശമാൽ ഹോൾഡിങ്ങുമായി സഹകരിച്ച് നിർമിക്കുന്ന ഈ പാലം തുറക്കുന്നതോടെ നിലവിലെ 12 മിനിറ്റ് യാത്രാസമയം വെറും മൂന്നു മിനിറ്റായി ചുരുങ്ങും. ഇരുദിശകളിലേക്കുമായി രണ്ട് വരികളുള്ള ഈ പുതിയ പാതയിലൂടെ​ മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക്​ കടന്നുപോകാൻ കഴിയും.

പദ്ധതിയുടെ സമയക്രമം അനുസരിച്ച്, ശൈഖ്​ സായിദ് റോഡിൽ നിന്ന് (ദേര, ജബൽ അലി ഭാഗങ്ങളിൽ നിന്ന്) ദുബൈ ഹാർബറിലേക്ക് പോകുന്ന വാഹനങ്ങൾക്കായി 2026 ജൂൺ മാസം തന്നെ പാലം തുറന്നുകൊടുക്കും. തുടർന്ന് ജൂലൈ മാസത്തോടെ ദുബൈ ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കും, പുതിയ പാലത്തിൽ നിന്ന് കിങ്​ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് സ്ട്രീറ്റ് ജങ്​ഷനിലേക്കുമുള്ള ഗതാഗതം പൂർണമായി തുറന്നുനൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ദുബൈയുടെ ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന സംയോജിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഭരണനേതൃത്വത്തിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ അറിയിച്ചു. അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപമുള്ള ഇന്‍റർചേഞ്ച് 5-ൽ നിന്ന് ആരംഭിച്ച് ദുബൈ ഹാർബർ സ്ട്രീറ്റ് വരെ നീളുന്നതാണ് 1,500 മീറ്റർ നീളമുള്ള ഈ പാലം. ഗതാഗത പ്രവാഹം സുഗമമാക്കാൻ പാലത്തിന്‍റെ കോറിഡോറിലുള്ള നാല് പ്രധാന ജങ്​ഷനുകളിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ മികച്ച മാതൃകയാണ് ഈ പാലമെന്ന് ശമാൽ ഹോൾഡിങ്​ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുല്ല ബിൻ ഹബ്തൂർ അഭിപ്രായപ്പെട്ടു. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിനും പാം ജുമൈറയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദുബൈ ഹാർബറിന്‍റെ ദീർഘകാല വളർച്ചക്കും മികച്ച കണക്റ്റിവിറ്റിക്കും പാലം സുപ്രധാന നാഴികക്കല്ലാകും. നിലവിൽ 24 ടവറുകളിലായി 7,500 ഓളം അപാർട്ട്മെന്‍റുകൾ ഉൾപ്പെടുന്ന വൻകിട പാർപ്പിട സമുച്ചയങ്ങളുടെ വികസനവും ദുബൈ ഹാർബറിൽ പുരോഗമിക്കുകയാണ്.

ഏറ്റവും ഉയർന്ന തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ 12 ടീമുകളിലായി 1,400 എഞ്ചിനീയർമാരും തൊഴിലാളികളുമാണ് ഈ പദ്ധതിക്കായി രംഗത്തുള്ളത്. നിർമാണം ആരംഭിച്ച് ഇതുവരെ 42 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകൾ പിന്നിട്ട പദ്ധതിക്കായി 45,000 ക്യൂബിക് മീറ്ററിലധികം കോൺക്രീറ്റും 8,273 ടൺ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Harbour Bridge development 90 percent complete
Next Story