ദുബൈ സർക്കാർ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘ഡിജിറ്റൽ ദുബൈ’ സന്ദർശിക്കുന്നു
ദുബൈ: എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വ്യക്തിഗത, ബിസിനസ് സേവനങ്ങളെല്ലാം ഒരു വർഷത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഡാറ്റയും നിർമിതബുദ്ധിയും (എ.ഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമഗ്ര ഡിജിറ്റൽ നഗരത്തിലേക്ക് ദുബൈ വേഗത്തിൽ മുന്നേറുകയാണെന്ന് ‘ഡിജിറ്റൽ ദുബൈ’ സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡാറ്റ ഏകീകരിച്ച് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സന്ദർശനത്തിൽ പൂർണമായും സംയോജിത ഡിജിറ്റൽ നഗരത്തിലേക്കുള്ള യാത്രയിൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന നിരവധി പദ്ധതികൾക്ക് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു. സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിജിറ്റൽ ദുബൈ നയിക്കുന്ന സംരംഭങ്ങൾ സാങ്കേതിക പരിവർത്തനത്തെ മാത്രമല്ല, ഭാവിയിലെ തന്ത്രപരമായ നിക്ഷേപത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ പദ്ധതികളുടെ ഭാഗമായി, ലൈവ് ഡാറ്റയും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നഗരനിർവഹണം കൂടുതൽ സ്മാർട്ടാക്കും. സർക്കാർ സേവനങ്ങൾ ലളിതമാക്കുകയും സമയം കുറക്കുകയും, ജനങ്ങൾക്ക് തടസമില്ലാത്ത അനുഭവം നൽകുകയും ചെയ്യുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമുകൾ രൂപീകരിക്കും. ഡിജിറ്റൽ രംഗത്തെ മാറ്റം സാമ്പത്തിക വളർച്ചക്കും സഹായകരമാകും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 10 ശതകോടി ദിർഹം വരെ സംഭാവന നൽകാനും, ദുബൈയെ ലോകത്തിലെ മുൻനിര എ.ഐ റെഡിനസ് നഗരങ്ങളിൽ ഒന്നാക്കാനും പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്.
സർക്കാർ തീരുമാനങ്ങൾ 80 ശതമാനം വരെ എ.ഐ അടിസ്ഥാനമാക്കി കൈക്കൊള്ളുന്നതും ഉദ്യോഗസ്ഥരുടെ എ.ഐ രംഗത്തെ കഴിവുകൾ വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഡാറ്റാ സ്വകാര്യത, സുരക്ഷ, സിസ്റ്റം ഏകീകരണം എന്നിവയും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. സംരംഭത്തിന്റെ ഏകോപനം ‘ഡിജിറ്റൽ ദുബൈ’ നിർവഹിക്കും. ദുബൈയെ ലോകത്തിലെ മുൻനിര ഡിജിറ്റൽ നഗരമാക്കി ഉയർത്തുകയും, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

