തുറന്നു, മനോഹരലോകം; ദുബൈ ഗ്ലോബൽ വില്ലേജിന്റെ 31ാം സീസണിന് വർണാഭ തുടക്കം
text_fieldsദുബൈ: പതിവുകാഴ്ചകളേക്കാൾ കുടുതൽ മനോഹരമായ ലോകമൊരുക്കി ‘ഗ്ലോബൽ വില്ലേജി’ന്റെ വാതിലുകൾ തുറന്നു. എ മോർ വണ്ടർഫുൾ വേൾഡ് (കൂടുതൽ മനോഹരമായ ഒരു ലോകം) എന്ന പ്രമേയത്തിൽ കൂടുതൽ ആകർഷണങ്ങളോടെയാണ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് വർണാഭമായ തുടക്കമായത്. ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പുതിയ സീസൺ 2027 മേയ് മാസം വരെ നീണ്ടുനിൽക്കും. വൈകുന്നേരം ആറുമണിക്ക് പൊതുജനങ്ങൾക്കായി കവാടങ്ങൾ തുറന്നതോടെ ദുബൈയുടെ സാംസ്കാരിക, വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ അഭൂതപൂർവമായ ഒഴുക്കായിരുന്നു.
ലോകത്തിലെ തൊണ്ണൂറിലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവലിയനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. സംഗീതം, നൃത്തം, അക്രോബാറ്റിക്സ്, ലൈവ് പെർഫോർമൻസ് എന്നിവ ഉൾപ്പെടെ സീസണിലുടനീളമായി 40,000ത്തിലധികം കലാപ്രകടനങ്ങളാണ് അരങ്ങേറുക. 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250ലധികം ഭക്ഷണശാലകൾ, 200ലധികം വിനോദ ഉപകരണങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന മികച്ച അനുഭവങ്ങളാണ് ഈ സീസണിൽ ഒരുക്കിയിട്ടുള്ളത്.
വർണവിസ്മയം തീർത്ത് ഡ്രോൺ ഷോ
ആദ്യദിന ആഘോഷങ്ങളുടെ ഭാഗമായി, ലോകമെമ്പാടുമുള്ള സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന വർണാഭമായ ‘പരേഡ് ഓഫ് ദി വേൾഡ്’ ഗായകസംഘത്തിന്റെ പ്രകടനം ഗംഭീരമായി. ഗേറ്റ് ഓഫ് ദി വേൾഡിൽ നടക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രശസ്തമായ കൺഫെറ്റി ഷവറും ഒപ്പം നിരവധി സർപ്രൈസുകളും ഫോട്ടോയെടുക്കാനുള്ള അവസരങ്ങളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഒടുവിൽ പുതിയ സീസണിന്റെ തുടക്കം ആഘോഷമാക്കാൻ 600 ഡ്രോണുകൾ അണിനിരന്ന അതിമനോഹരമായ ഡ്രോൺ ഷോ രാത്രിയിലെ ആകാശത്ത് വർണവിസ്മയം തീർത്തു.
ശ്രീലങ്ക, റഷ്യ, അസർബൈജാൻ, സിറിയ, കുവൈത്ത് എന്നീ പവലിയനുകളിൽ പുതിയ മാറ്റങ്ങളും നവീകരണങ്ങളും വരുത്തിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പവലിയനുകൾ സന്ദർശിച്ച് സ്റ്റാമ്പുകൾ ശേഖരിക്കാൻ സൗകര്യവും നൽകിയിട്ടുണ്ട്. റോബോ അൽ ഷാം, ട്രബ്സൺ ടർക്കിഷ് റസ്റ്ററന്റ് തുടങ്ങിയ നിരവധി പുതിയ റെസ്റ്ററന്റുകളും കഫേകളും ഭക്ഷണപ്രിയർക്കായി ഇത്തവണ റെസ്റ്ററന്റ് പ്ലാസയിൽ ആരംഭിച്ചിട്ടുണ്ട്.
‘കാർണിവൽ’ ഏരിയയിലെ നിരവധി റൈഡുകൾക്ക് പുറമേ, പുതിയ റോളർ കോസ്റ്റർ അനുഭവമായ ‘ടോക്കിയോ റഷ്’ ഉടൻ അവതരിപ്പിക്കും. അതോടൊപ്പം ‘ഫാസ്റ്റ് ലൈവ് 2: ദി പൊലീസ് സ്ട്രൈക്ക് ബാക്ക്’ എന്ന ആക്ഷൻ സ്റ്റണ്ട് ഷോയും, ബോളിവുഡ് ഐഡൽ, ബാങ്ക് ഹീസ്റ്റ് തുടങ്ങിയ കലാപരിപാടികളും വേദിയിലെത്തി. പ്രധാന തിയേറ്ററുകളിൽ കുട്ടികൾക്കായി പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ പ്രകടനങ്ങളമുണ്ട്.
‘31-ാം സീസണിൽ, സന്ദർശകരെ അവർ ഇഷ്ടപ്പെടുന്ന രുചികളിലേക്കും പാരമ്പര്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്. തങ്ങൾക്കും ഇവിടെ ഇടമുണ്ടെന്ന് ഓരോ സന്ദർശകനും തോന്നുകയാണ് ഞങ്ങളുടെ ലക്ഷ്യം. സന്ദർശനം കഴിഞ്ഞ് വളരെക്കാലം മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമകളോടെ മടങ്ങാനും, വീണ്ടും വരാൻ പ്രേരിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു’ -ദുബൈ ഹോൾഡിങ് എന്റർടെയ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഫെർണാണ്ടോ ഐറോവ പറഞ്ഞു:
വൈകുന്നേരം നാലുമുതൽ
സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് പാർക്കിങ്, ടിക്കറ്റിങ്, ദിശാസൂചകങ്ങൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാലുമുതൽ അർധരാത്രി 12 വരെയും, വ്യാഴം മുതൽ ശനി വരെയും പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം നാലുമുതൽ രാത്രി ഒരുമണി വരെയുമാണ് പ്രവർത്തന സമയം. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ചൊവ്വാഴ്ചകൾ കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

