ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ പുതുസീസൺ ഒക്ടോബർ 14 മുതൽ
text_fieldsദുബൈ: ദുബൈയിലെ പ്രമുഖ സാംസ്കാരിക വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ 31-ാമത് സീസണിന് 2026 ഒക്ടോബർ 14ന് തുടക്കമാകും. ഒക്ടോബർ 14 മുതൽ 2027 മേയ് വരെയാണ് പുതിയ സീസൺ പ്രവർത്തിക്കുകയെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ തിശയകരമായ ലോകം) എന്ന പ്രമേയവുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
മുൻ സീസണുകളേക്കാൾ കൂടുതൽ ആകർഷകമായ വിനോദ പരിപാടികളും പുതിയ അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് 31-ാം സീസൺ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പുതിയ ഷോപ്പിങ്, ഭക്ഷണശാലകൾ, കലാപരിപാടികൾ എന്നിവ ഇത്തവണ ഉണ്ടായിരിക്കും.
1997ൽ പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ വില്ലേജ് ദുബൈയിലെ വിനോദ-സാംസ്കാരിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. വിജയകരമായ മൂന്ന് പതിറ്റാണ്ടിലെത്തിനിൽക്കുന്ന ഗ്ലോബൽ വില്ലേജ് ഇതുവരെ 10 കോടിയിലധികം പേർ സന്ദർശിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 90-ലധികം രാജ്യങ്ങളുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന 30 പവലിയനുകളും, 3,500ൽപരം ഷോപ്പിങ് കേന്ദ്രങ്ങളും, 250ലധികം ഭക്ഷണശാലകളും ഉണ്ടായിരുന്നു. കൂടാതെ പതിനായിരക്കണക്കിന് കലാപരിപാടികളും കാർണവലിൽ 200ലേറെ റൈഡുകളും സന്ദർശകർക്കായി സജ്ജീകരിച്ചിരുന്നു.
ദുബൈ ഹോൾഡിങ് എന്‍റർടൈൻമെന്‍റിന്‍റെ കീഴിലാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. സീസൺ 31-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും വരും ദിവസങ്ങളിൽ പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

