പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബൈ
text_fieldsദുബൈ: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദുബൈ നഗരം. ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ 40 ഇടങ്ങളിലായി 48 വെടിക്കെട്ടുകൾ പ്രദർശിപ്പിക്കും. ബുർജ് ഖലീഫ, ദി ദുബൈ ഫ്രെയിം, ദി വേൾഡ് ഐലൻഡ്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, പാം ജുമൈറ, പാം ജബൽ അലി, ദുബൈ ക്രീക്ക് ഹാർബർ, ബ്ലൂ വാട്ടേഴ്സ്, അൽ സീഫ്, മദീനത്ത് ജുമൈറ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി ദുബൈ, ദുബൈ പാർക്സ് ആൻഡ് റിസോർട്സ്, അൽ മർമൂം ഒയാസിസ്, ഹത്ത തുടങ്ങിയവാണ് വെടിക്കെട്ടുകൾ നടക്കുന്ന പ്രധാന സ്ഥലങ്ങൾ.
അതേസമയം, താമസക്കാർക്കും സന്ദർശകർക്കും തടസ്സമില്ലാത്ത യാത്രാനുഭവം സമ്മാനിക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി വിപുലമായ സേവനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31ന് വൈകീട്ടോടെ നഗരത്തിലെ പ്രധാന റോഡുകൾ അടച്ചിടും. വൈകീട്ട് നാലു മുതൽ അൽ ഇസ്തിഖ്ബാൽ സ്ട്രീറ്റ്, അൽ മുസ്തഖബൽ സ്ട്രീറ്റ്, ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാടർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ് എന്നിവയാണ് അടക്കുക. എട്ട് മണിയോടെ അൽ മുൽത്തഖ (അൽ മുലൂക്) സ്ട്രീറ്റ് അടക്കും. അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് അടക്കുക രാത്രി ഒമ്പതിനാണ്. 11 ഓടെ ശൈഖ് സായിദ് റോഡ് ഭാഗികമായി നിയന്ത്രിക്കും. 31ന് പുലർച്ചെ ആറു മുതൽ ജനുവരി രണ്ടുവരെ ശൈഖ് സായിദ് റോഡ് പൂർണമായും അടക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് യാത്ര പ്ലാൻ ചെയ്യണം. എമിറേറ്റ്സ് ടവേഴ്സ്, ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ, ബുർജ് ഖലീഫ, ദുബൈ മാൾ തുടങ്ങിയ പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളിലേക്ക് 43 മണിക്കൂർ തുടർച്ചയായി മെട്രോ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് എത്തുന്നവർ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

