സന്നദ്ധസേവനം സജീവമാക്കാൻ പദ്ധതിയുമായി ദുബൈ ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: സന്നദ്ധ സേവനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇയർ ഓഫ് വളന്റിയറിങ് 2024 എന്ന പേരിൽ പദ്ധതി നടപ്പാക്കിയിരുന്നു.
ഇതുവഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാർ സജീവമായി പങ്കെടുക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക ഉത്തരവാദിത്തമെന്നത് ജി.ഡി.ആർ.എഫ്.എയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ജീവനക്കാർ വിവിധ മീറ്റിങ്ങുകളുടെയും കോൺഫറൻസുകളുടെയും മേൽനോട്ടം വഹിക്കുന്നുണ്ട്. റമദാൻ കൂടാരം, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം തുടങ്ങിയ കമ്യൂണിറ്റി, മാനുഷിക പദ്ധതികളിലും സജീവമായി പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാർ എപ്പോഴും സദാ സേവന സജ്ജരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജി.ഡി.ആർ.എഫ്.എ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവർത്തനങ്ങൾ പ്രധാനമായും ഏകോപിക്കുന്നത്.
2021 മുതൽ 2024 വർഷത്തെ ആദ്യ പകുതിവരെ 2,332 ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആകെ 30,000 മണിക്കൂർ സന്നദ്ധ സേവനം ചെയ്തു. വ്യത്യസ്തമായ 65 സേവന പദ്ധതികളിൽ ജി.ഡി.ആർ.എഫ്.എ വളന്റിയേഴ്സിന്റെ പങ്കാളിത്തമുണ്ടായെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

