ദുബൈ ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറുന്നു
text_fieldsദുബൈ ഗാർഡൻ ഗ്ലോ
ദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബൈ ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. 10ാമത് സീസൺ അവസാനിപ്പിച്ചുകൊണ്ട് ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതർ പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വെളിപ്പെടുത്തിയത്. പുതുമകളോടെയാണ് പുതിയ സ്ഥലത്ത് ഗാർഡൻ ഗ്ലോ ആരംഭിക്കുക. നിലവിൽ സഅബീൽ പാർക്കിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. അടുത്ത സീസൺ ആരംഭിക്കുന്ന തീയതിയോ പുതിയ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല.
കുട്ടികളെയും കുടുംബങ്ങളെയും ധാരാളമായി ആകർഷിക്കുന്ന നഗരത്തിലെ വിനോദ കേന്ദ്രമാണ് ഗാർഡൻ ഗ്ലോ. 2015ലാണ് സഅബീൽ പാർക്കിൽ ഗാർഡൻ ഗ്ലോ തുറന്നത്. വർണപ്രകാശം നിറഞ്ഞ ശിൽപങ്ങൾ, ജീവൻ തുടിക്കുന്ന ആനിമേട്രോണിക് ദിനോസറുകൾ, പുനരുപയോഗം ചെയ്ത വസ്തുക്കളിൽ നിന്ന് നിർമിച്ച പരിസ്ഥിതി-തീം ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രമായി ചുരുങ്ങിയ കാലത്തിനിടക്ക് ഇത് മാറിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇരുട്ടിൽ തിളങ്ങുന്ന പൂന്തോട്ടം (ഗ്ലോ ഇൻ ദ ഡാർക് ഗാർഡൻ) എന്ന പദവിയും ഇതിന് ലഭിച്ചിരുന്നു. സഅബീൽ പാർക്കിൽ വലിയ നവീകരണവും മാറ്റവും നടക്കാനിരിക്കെയാണ് ഗാർഡൻ സ്ഥലംമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി, തെർമ് ദുബൈ എന്ന പേരിൽ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെൽബിയിങ് റിസോർട്ടും ഇന്ററാക്ടിവ് പാർക്കും തുറക്കുന്നുമുണ്ട്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയ ‘തെർമ് ദുബൈ’ പദ്ധതി, സുസ്ഥിരത, ക്ഷേമം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. 200 കോടി ദിർഹം നിക്ഷേപിച്ച് നിർമിക്കുന്ന ഈ റിസോർട്ട് 2028ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതിയിൽ തെർമൽ പൂളുകൾ, 15 വാട്ടർ സ്ലൈഡുകൾ, മൂന്ന് ഉയർന്ന വെള്ളച്ചാട്ടങ്ങൾ, റസ്റ്റാറന്റ്, 200ലധികം സസ്യ ഇനങ്ങളുടെ ആവാസ കേന്ദ്രമായ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

