Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദുബൈ ഫ്യൂച്ചർ വീക്ക്’ നവംബറിൽ; പ്രഖ്യാപനവുമായി ശൈഖ്​ ഹംദാൻ

text_fields
bookmark_border
‘ദുബൈ ഫ്യൂച്ചർ വീക്ക്’ നവംബറിൽ; പ്രഖ്യാപനവുമായി ശൈഖ്​ ഹംദാൻ
cancel
camera_alt

ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

ദുബൈ: ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ (ഡി.എഫ്​.എഫ്​) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ദുബൈ ഫ്യൂച്ചർ വീക്ക്’ 2026 നവംബർ 18 മുതൽ 21 വരെ നടക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. ‘ദുബൈ വിഷൻ 2030’ന്‍റെ ഭാഗമായി ഭാവി സാങ്കേതികവിദ്യകളെ മനുഷ്യനന്മക്കായി പ്രയോജനപ്പെടുത്താനും ആഗോള പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റ്‌സ് ടവേഴ്‌സ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവിടങ്ങളിലായിരിക്കും നാലുദിവസം നീളുന്ന ഈ ആഗോള സമ്മേളനം നടക്കുക.

‘ഭാവിയിലെ മനുഷ്യർക്കായി’ എന്ന പ്രമേയത്തിലാണ് ദുബൈ ഫ്യൂച്ചർ വീക്ക് ഒരുക്കിയിരിക്കുന്നത്. വെറുമൊരു സാങ്കേതിക ഉച്ചകോടിയെന്നതിലുപരി, വരുന്ന പതിറ്റാണ്ടുകളിൽ സാങ്കേതിക-ശാസ്ത്രീയ രംഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ജോലിസ്ഥലങ്ങളെയും ആരോഗ്യമേഖലയെയും എങ്ങനെ സ്വാധീനിക്കുമെന്ന് ഈ പരിപാടി വിലയിരുത്തും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ദ്ധർ, നിക്ഷേപകർ എന്നിവരുൾപ്പെടെ പതിനായിരത്തിലധികം പേർ സംഗമത്തിൽ പങ്കെടുക്കും.

നഗരജീവിതവും ഗതാഗതവും, എ.ഐ കാലഘട്ടത്തിലെ വിദ്യാഭ്യാസവും ചിന്താശേഷിയും, റോബോട്ടിക്സും ശാസ്ത്രീയ കണ്ടെത്തലുകളും, ആരോഗ്യവും ദീർഘായുസ്സും, ഭാവിയിലെ സമ്പദ്‌വ്യവസ്ഥയും ബിസിനസും എന്നീ അഞ്ച് പ്രധാന പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചർച്ചകളും പ്രദർശനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. കേവലം വ്യവസായ പുരോഗതി എന്നതിനപ്പുറം മനുഷ്യന്‍റെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് മുൻഗണന നൽകുന്നത്.

ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ മുമ്പ് സംഘടിപ്പിച്ച ദുബൈ ഫ്യൂച്ചർ ഫോറം, ദുബൈ എ.ഐ വീക്ക് തുടങ്ങിയ പ്രമുഖ ആഗോള പരിപാടികളെയും ഇതിന്‍റെ ഭാഗമായി സംയോജിപ്പിക്കും. കൂടാതെ, എ.ഐ ഗ്രാൻഡ്​മാസ്റ്റർ, ദുബൈ ഫോർസൈറ്റ് അവാർഡുകൾ, പ്രോട്ടോടൈപ്സ് ഫോർ ഹ്യൂമാനിറ്റി പ്രദർശനം, ‘ടെഡ് ടോക്കുകൾ’ എന്നിവയും ഈ അരങ്ങേറും. വിദഗ്ദ്ധ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, ആശയരൂപീകരണ മത്സരങ്ങൾ എന്നിവയും ഉൾപ്പെടും.

ലോകത്തെ മികച്ച ചിന്തകരുടെയും കണ്ടുപിടുത്തക്കാരുടെയും സംഗമഭൂമിയായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്,​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ കാഴ്ചപ്പാടാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. ഭാവി സാങ്കേതികവിദ്യകൾ കേവലം പ്രവചനങ്ങളിൽ ഒതുക്കാതെ പ്രായോഗിക ഘട്ടത്തിലേക്ക് എത്തിക്കാനും, അവ മനുഷ്യ ക്ഷേമത്തിനായി വഴിതിരിച്ചുവിടാനും ദുബൈ ഫ്യൂച്ചർ വീക്കിലൂടെ സാധിക്കുമെന്ന് ശൈഖ്​ ഹംദാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Future Week
Next Story