ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് കൊടിയിറങ്ങും
text_fieldsദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൺ
ദുബൈ: ആരോഗ്യകരമായ പുതുജീവിതത്തിലേക്ക് ദിശാവെളിച്ചം പകർന്ന് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഞായറാഴ്ച സമാപനം. ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും വ്യായാമം ചെയ്തും ആരോഗ്യ സംരക്ഷണ സന്ദേശങ്ങൾ പകർന്നും കായിക സംസ്കാരം വളർത്തിയുമാണ് ഒരുമാസം നീണ്ട ചലഞ്ച് സമാപിക്കുന്നത്. ഒക്ടോബർ 29ന് തുടങ്ങിയ ഫിറ്റ്നസ് ചലഞ്ച് സ്വന്തം റെക്കോഡുകൾ തിരുത്തിയെഴുതിയാണ് സമാപിക്കുന്നത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ദുബൈ നഗരവാസികൾ 30 ദിവസങ്ങളിലായി 30 മിനിറ്റിലേറെ വ്യായാമത്തിൽ ഏർപെട്ടു. 2017ൽ തുടങ്ങിയ ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനാണ് അവസാനിച്ചത്. ഏഴാം എഡിഷൻ 2023 ഒക്ടോബറിൽ നടക്കും.
ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൈഡിലും ദുബൈ റണ്ണിലും റെക്കോഡ് പങ്കാളിത്തമായിരുന്നു ഇത്തവണ. 130 കി.മീ. വേഗതയിൽ വാഹനം ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് സൈക്കിളുകൾക്ക് വഴിമാറിയ ദുബൈ റൈഡിൽ 34,897 സൈക്കിളുകളാണ് നഗരത്തിലിറങ്ങിയത്. നാലുമണിക്കൂറോളം ഗതാഗതം വഴിതിരിച്ചുവിട്ടാണ് റൈഡർമാരെ 'അഴിച്ചു'വിട്ടത്.
അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ദുബൈ റണ്ണിൽ ഓടാൻ ഇറങ്ങിയത് 1.90 ലക്ഷം പേരാണ്. പതിനായിരക്കണക്കിന് പ്രവാസി മലയാളികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ശൈഖ് ഹംദാൻ നേരിട്ടെത്തിയാണ് ഓട്ടത്തിന് നേതൃത്വം നൽകിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റണ്ണുകളിൽ ഒന്നായിരുന്നു ഇത്. 5, 10 കിലോമീറ്ററുകളിലായിരുന്നു ഓട്ടം.
ദുബൈ റണ്ണിനിടെ വ്യായാമം ചെയ്യുന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
കൈറ്റ് ബീച്ചിലെ രണ്ട് ഫിറ്റ്നസ് വില്ലേജുകളിലും ഖവാനീജിലും വിവിധ പരിപാടികൾ അരങ്ങേറി. ഫുട്ബാൾ, യോഗ, ബോക്സിങ്, ക്രിക്കറ്റ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്ക് പുറമെ വിവിധ കായിക ഇനങ്ങളിൽ സൗജന്യ പരിശീലനവും നൽകി.
ദുബൈ സിലിക്കൺ ഒയാസീസ്, ഡിജിറ്റൽ പാർക്ക്, ഹത്ത വാലി സെന്റർ, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, സബീൽ ലേഡീസ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, സബീൽ സ്പോർട്സ് ഡിസ്ട്രിക്ട്, ബ്ലൂവാട്ടേഴ്സ് ദുബൈ, ഡ്രാഗൺ മാർട്ട്, മിർദിഫ് മാളിന് സമീപത്തെ സ്പോർട്സ് സൊസൈറ്റി, ജുമൈറ ബീച്ച് റെസിഡൻസ്, ദുബൈ ഹിൽസ് മാൾ, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി, സെയ്ലിങ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, പാം, ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയം, ദുബൈ ഹാർബർ, എ.എസ്.ഡി ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടന്നു. ഫിറ്റ്നസ് സെന്ററുകൾ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച നാൾകൂടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

