ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് ഇന്ന് തുടക്കം
text_fieldsദുബൈ : ജനങ്ങൾക്കിടയിൽ വ്യായാമം ശീലമാക്കാനും അതുവഴി ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് ഇന്ന് തുടക്കം . ഉച്ചക്ക് 1.30 ന് സഫ പാർക്കിൽ നടക്കുന്ന പ്രത്യേക പരിപാടികളോടെയാണ് ഒരുമാസം നീളുന്ന പദ്ധതിക്ക് തുടക്കമാകുക. 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുന്ന ചലഞ്ചില്‍ പങ്കെടുക്കാൻ ക്ഷണിച്ച് ശൈഖ് ഹംദാന്‍ യു.എ.ഇയിലെ എല്ലാവര്‍ക്കും എസ്.എം.എസ് അയച്ചിരുന്നു.
ഇൗ ആഹ്വാനം ആ ബാലവൃദ്ധം ജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ചലഞ്ചിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അര ലക്ഷവും കടന്ന് കുതിക്കുകയാണ്. നാൽപതിലേറെ സർക്കാർ സ്ഥാപനങ്ങളിലെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും നഗരത്തിലെ ഭൂരിപക്ഷം സ്കൂളുകളും വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്. എയറോബാറ്റിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ലിംഗ് എന്നിങ്ങനെ ഏതു വ്യായാമരീതിയും ജനങ്ങൾക്ക് തെരഞ്ഞെടുക്കാം. ദുബൈ കളര്‍ റണ്‍, ദുബൈ മാസ്സ് സ്വിം, ദുബൈ സ്‌കൂള്‍സ് ഫിറ്റ്‌നസ് ഗെയിംസ് എന്നിവയും ചലഞ്ചിനോടനുബന്ധിച്ച് നടക്കും.
അമേരിക്കൻ ഫുട്ബാൾ മുതൽ വടംവലി വരെ ആരോഗ്യപരിപാലനത്തിലെ വ്യത്യസ്ത രീതികളും വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന 1500 സൗജന്യ വ്യായാമ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ചലഞ്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും പരിശീലന പരിപാടിയിൽ ദിവസവും പങ്കെടുക്കാം. അറിയാത്ത കാര്യമാണെങ്കിൽ സൗജന്യ ക്ലാസുകളിൽ പങ്കെടുക്കാം. അല്ലെങ്കിൽ ആപ്പ് വഴി നിർദേശം തേടാം. ഓരോ ദിവസവും മികവ് സ്വയം വിലയിരുത്താനും ആപ്പിൽ സൗകര്യമുണ്ട്. ആരോഗ്യത്തിലും കായികക്ഷമതയിലും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
സഫ പാർക്കിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇംഗ്ലണ്ട് ഫുട്ബോൾ താരം റിയോ ഫെർഡിനാൻറ്, ‘ബിഗസ്റ്റ് ലൂസർ’ എന്ന ടി.വി. പരിപാടിയിലൂടെ പ്രസിദ്ധനായ പരിശീലകന് റോബ് എഡ്മണ്ട് എന്നിവർ പെങ്കടുക്കും. വൈകുന്നേരം നാല് മുതല് ആറു വരെ 16 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്ന യോഗ പരിപാടി ‘ഗ്ലോബൽ മാല’ നടക്കും. ഇതോടൊപ്പം രാത്രി 8.40വരെ വിവിധ പ്രായക്കാർക്കുള്ള വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ 6.30 വരെ നീളുന്ന പരിപാടിയിൽ ബോഡി കോമ്പാറ്റ്, കിഡ്സ് ഫിറ്റ്‌നസ്, ഫുട്ബാൾ ഫ്രീസ്റ്റെലേഴ്സ് ഷോ തുടങ്ങിയവയൊക്കെ നടക്കും.
സമാപന ദിവസമായ നവംബർ 18 വരെ എല്ലാ വാരാന്ത്യങ്ങളിലും പ്രത്യേക കാർണിവലുണ്ടാകും.
പ്രധാന പ്രദേശങ്ങളിൽ സൗജന്യ ക്ലാസുകളും പരിശീലന പരിപാടികളും ദിവസേന നടക്കും. ഇതിെൻറ വിവരങ്ങൾ രജിസ്റ്റർ ചെയ്തവർക്ക് വെബ്സൈറ്റ് വഴി ലഭിക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലാണ് നവംബർ 17,18 തീയതികളിൽ സമാപന പരിപാടികൾ നടക്കുക. അവിടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.
ഫിറ്റ്‌നസ് ഗൈഡ്
സംഗതി എല്ലാ വർഷവും ജനുവരി ഒന്നിന് എടുക്കാറുള്ള വെല്ലുവിളി തന്നെയാണ്. ഇത്തവണ തടികുറക്കും, മിടുക്കരാവും. പിന്നെ അടുത്ത പുതുവർഷപ്പിറവിക്കായി കാത്തിരിക്കും. ഫിറ്റ്‌നസ് ചലഞ്ച് വന്നതോടെ കളി മാറി. രാജ്യം ഒന്നടങ്കം ആരോഗ്യത്തിലേക്ക് ഒാടിച്ചാടി അടുക്കുേമ്പാൾ ആരും അടങ്ങിയിരിക്കരുത്. 30 ദിവസം 30 മിനിറ്റ് സ്വന്തം ശരീരത്തിനായി മാറ്റിവച്ചാൽ കിട്ടുന്നത് പുതുജീവനായിരിക്കും. വ്യായാമത്തിന് ഒരുങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞെ തുടങ്ങാവൂ. വ്യായാമം ചെയ്യും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതു നല്ലതാണ്. വിയര്‍ത്തു ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് പരിഹരിക്കാന്‍ ഇതു സഹായിക്കും. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി അയവുള്ള കോട്ടണ്‍ വസ്ത്രങ്ങളും ശരിയായ അളവിലുള്ള കാന്‍വാസ് ഷൂവും ധരിക്കണം. ഇതു ശരീരത്തിെൻറ ചലനങ്ങള്‍ സുഗമമാക്കും. ഹൃദ്രോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിർദേശം തേടിയിരിക്കണം. വ്യായാമം കഴിഞ്ഞയുടന്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വ്യായാമം കഴിഞ്ഞു വിശ്രമം അത്യാവശ്യമാണ്. 15 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. കടുത്ത പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവര്‍ വ്യായാമം ചെയ്യരുത്.
ബോഡിബിൽഡിംഗ് അല്ല ഫിറ്റ്‌നസ് എന്നത് ഒാർക്കണം. ദിവസവും മണിക്കൂറുകൾ നീളുന്ന കടുത്ത വ്യായാമ മുറകൾ അഞ്ചും ആറും വർഷം നിരന്തരം പരിശീലിച്ചും കൂടുതൽ പ്രോട്ടീനും പോഷകങ്ങളും നിറഞ്ഞ പ്രത്യേക ഭക്ഷണം കഴിച്ചുമെല്ലാമാണ് ബോഡി ബിൽഡർമാർ ശരീരം സൂക്ഷിക്കുന്നത്. എന്നാൽ ചിട്ടയായ വ്യായാമത്തിലൂടെ ആവശ്യത്തിന് ഭക്ഷണം കഴിച്ച് അഞ്ചോ ആറോ മാസം ശ്രമിച്ചാൽ സിക്സ് പാക്ക് അടക്കമുള്ള ഫിറ്റ്‌നസ് സ്വന്തമാക്കാം. എളുപ്പവഴിയായി സ്റ്റിറോയിഡുകളെ ആശ്രയിക്കരുത്. താൽക്കാലിക നേട്ടം ഉണ്ടാകുമെങ്കിലും പേശി വീക്കം, കരൾ രോഗം എന്നിവക്കെല്ലാം ഇടയാക്കുന്നതാണ് ഇവ.
ശരിയായ വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ നിരവധിയുണ്ട്. ഹൃദയത്തിന് ശക്തി കൂടും. ഇതുവഴി കൂടുതൽ നന്നായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിനാവും. ശരീര പേശികൾ ഉൗർജസ്വലമാകും. ബാലൻസിങ് ശേഷിയും വിവിധ അവയവങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിക്കാനുള്ള ശേഷി കൂടും. ചുവന്ന രക്താണുക്കളുടെ എണ്ണവും ഗുണവും മെച്ചപ്പെടും. മാനസിക സമ്മർദവും ഹൃദ്രോഗ സാധ്യതയും കുറയും.
ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഗൾഫ് മാധ്യമവും
ആരോഗ്യമുള്ള ജനതക്കായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്ത ഫിറ്റ്‌നസ് ചലഞ്ച് ഗൾഫ് മാധ്യമവും ഏറ്റെടുക്കുന്നു. ആരോഗ്യമുള്ള വായനക്കാർക്ക് വേണ്ടി ചലഞ്ചിെൻറ ഒാരോ ദിവസവും വിദഗ്ധ കായിക പരിശീലകർ ഹെൽത്ത് ടിപ്പുകൾ ഒരുക്കും. വ്യക്തികളോ സംഘടനകളോ ചലഞ്ചിെൻറ ഭാഗമായി നടത്തുന്ന പരിപാടികളുടെ അറിയിപ്പുകളും വീഡിയോകളും ചിത്രങ്ങളും വാട്സ്ആപ്പ് വഴി 0502505698 എന്ന ഫോൺ നമ്പറിലേക്ക് അയക്കാം. തെരഞ്ഞെടുക്കപ്പെടുന്നവ ഗൾഫ് മാധ്യമത്തിലും ഒാൺലൈൻ എഡിഷനിലും പ്രസിദ്ധീകരിക്കും.