മികച്ച എക്സ്പോ പവിലിയൻ പുരസ്കാരം സൗദിക്ക്
text_fieldsദുബൈ എക്സ്പോയിലെ സൗദി അറേബ്യൻ പവിലിയൻ
ദുബൈ: കോടിക്കണക്കിന് സന്ദർശകരെ ആകർഷിച്ച എക്സ്പോ 2020 ദുബൈയിലെ ഏറ്റവും മികച്ച പവിലിയനുള്ള പുരസ്കാരം സൗദി അറേബ്യയുടെ പവിലിയന്. എല്ലാ ലോക മേളകളിലും മികച്ച പവിലിയനെ തിരഞ്ഞെടുക്കുന്ന 'എക്സിബിറ്റർ' മാഗസിനാണ് ഡിസൈനിലും ഡിസ്പ്ലേയിലും രണ്ട് പ്രത്യേക അവാർഡുകളടക്കം സൗദിക്ക് നൽകിയത്. എക്സ്പോ നഗരിയിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച രാജ്യ പവിലിയനാണ് സൗദിയുടേത്.
കെട്ടിടത്തിന്റെ ചെരിഞ്ഞരീതിയിലെ ബാഹ്യരൂപവും അകത്തെ വളരെ വ്യത്യസ്തത പുലർത്തുന്ന പ്രദർശനങ്ങളും കലാസംസ്കാരിക ആവിഷ്കാരങ്ങളുമാണ് പവിലിയന്റെ പ്രത്യേകതകൾ. നേരത്തെ യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ അവാർഡും സൗദി പവിലിയൻ നേടിയിരുന്നു. ഇതിനകം 40 ലക്ഷത്തിലേറെ സന്ദർശകരാണ് സൗദി പവിലിയനിലെത്തിയത്. രാജ്യത്തിന്റെ ചരിത്രം, ഭാവി, വർത്തമാനം എന്നിങ്ങനെ പ്രദർശനത്തിൽ സാംസ്കാരതികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെല്ലാം വായിച്ചെടുക്കാൻ സാധിക്കും. എല്ലാ മേഖലകളിലും സൗദി നേടിയെടുത്ത പുതിയ മുന്നേറ്റങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്.

