വിൽപനയിൽ റെക്കോഡിട്ട് ദുബൈ ഡ്യൂട്ടിഫ്രീ
text_fieldsദുബൈ: വിൽപനയിൽ എല്ലാ റെക്കോർഡുകളും മറികടന്ന നേട്ടം കരസ്ഥമാക്കി ദുബൈ ഡ്യൂട്ടിഫ്രീ. 2025ലെ കണക്കനുസരിച്ച് 868കോടി ദിർഹമിന്റെ വിൽപനയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 42വർഷത്തെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വർഷമായാണ് ചരിത്രം കുറിച്ചിരിക്കുന്നത്. 2024നെ അപേക്ഷിച്ച് 9.85ശതമാനം വളർച്ചയും കൈവരിക്കാൻ പിന്നിട്ട വർഷത്തിന് സാധിച്ചു. പത്ത് മാസങ്ങളിൽ റെക്കോർഡ് പ്രകടനമാണ് രേഖപ്പെടുത്തിയത്. ഏറ്റവും മികച്ച പ്രകടനവുമായി ഡിസംബർ വേറിട്ടു നിൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രം വിൽപന 92.2കോടി ദിർഹമിലെത്തി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. 2024 ഡിസംബറിനെ അപേക്ഷിച്ച് 12.27ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്.
ഡിസംബർ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ 42ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച 25ശതമാനം ഓഫർ വഴി വെറും 24 മണിക്കൂറിനുള്ളിൽ 6.90കോടി ദിർഹമിന്റെ വിൽപനയാണ് നടന്നത്. 2025ലെ നേട്ടം ടീമിന്റെ ശ്രദ്ധ, അതിജീവനശേഷി, സമർപ്പണം, വിതരണക്കാരുടെയും ബ്രാൻഡ് പങ്കാളികളുടെയും പിന്തുണ എന്നിവയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മാനേജിങ് ഡയറക്ടർ രമേശ് സിദാംബി പറഞ്ഞു. ചരിത്രപരമായ വർഷത്തിലുടനീളം നൽകിയ മാർഗനിർദേശത്തിനും പിന്തുണക്കും ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന് സിദാംബി നന്ദി അറിയിക്കുകയും ചെയ്തു.
ജനുവരി, ഫെബ്രുവരി, ഏപ്രിൽ, മേയ്, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ പത്ത് മാസങ്ങളിലാണ് റെക്കോർഡ് നേട്ടം കൈവരിക്കാനായത്. പെർഫ്യൂമുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. ഇത് മൊത്തം വിൽപനയുടെ 18.45ശതമാനം വരും. മദ്യം 12.22ശതമാനം, തൊട്ടുപിന്നിൽ സ്വർണ്ണം, പുകയില ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയാണുള്ളത്. 2025ൽ ആകെ 2.1 കോടിയിലധികം ഇടപാടുകളാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

