ദുബൈ ഡ്യൂട്ടി ഫ്രീ; വിൽപനയിൽ 78 ശതമാനം വർധന
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീയിൽ 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിൽപനയിൽ 78 ശതമാനം വർധന രേഖപ്പെടുത്തി. 6.339 ശതകോടി ദിർഹമിന്റെ കച്ചവടമാണ് കഴിഞ്ഞ വർഷം നടന്നത്. വിമാനത്താവളത്തിൽ തിരക്കേറിയതും കോവിഡിൽനിന്ന് മുക്തമായതുമാണ് ഈ വർധനക്ക് കാരണമെന്നാണ് വിലയിരുത്തൽ. 17.3 ദശലക്ഷം വിൽപന ഇടപാടുകളാണ് കഴിഞ്ഞ വർഷം നടന്നത്. ദിവസവും ശരാശരി 46,912 ഇടപാടുകൾ നടന്നു. 47.302 ദശലക്ഷം ഉൽപന്നങ്ങൾ വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ വിൽപന നടന്നത് പെർഫ്യൂമാണ്. ആകെ വിൽപനയുടെ 18 ശതമാനവും പെർഫ്യൂമായിരുന്നു. 1.134 ശതകോടി ദിർഹമിന്റെ പെർഫ്യൂമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ ആദ്യ എട്ടു മാസം 104 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഈ കാലയളവിൽ മാത്രം 1.06 ശതകോടി ഡോളറിന്റെ ബിസിനസ് നടന്നു. ഡിസംബർ 18 മുതൽ 20 വരെ നടത്തിയ 72 മണിക്കൂർ ഷോപ്പിങ് ഓഫർ വഴി 107.3 ദശലക്ഷം ദിർഹമിന്റെ വസ്തുക്കൾ വിറ്റഴിച്ചു. 25 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിരുന്നത്. 1.021 ശതകോടി ദിർഹമിന്റെ മദ്യവും വിറ്റഴിഞ്ഞു. ആകെ വിൽപനയുടെ 16 ശതമാനം മദ്യമായിരുന്നു. മൂന്നാം സ്ഥാനം സ്വർണത്തിനാണ്. 629.292 ദശലക്ഷം ദിർഹമിന്റെ സ്വർണമാണ് കഴിഞ്ഞ വർഷം ഡ്യൂട്ടിഫ്രീ വഴി വിറ്റത്. ആകെ വിൽപനയുടെ 10 ശതമാനവും സ്വർണം സ്വന്തമാക്കി. നാലാം സ്ഥാനത്തുള്ള സിഗരറ്റ് 562.347 ദശലക്ഷം ദിർഹമിന്റെ കച്ചവടം നേടിക്കൊടുത്തു. 502.201 ദശലക്ഷം ദിർഹമിന്റെ കച്ചവടവുമായി ഇലക്ട്രോണിക് വസ്തുക്കൾ ആദ്യ അഞ്ചിൽ ഇടംപിടിച്ചു.
ആകെ വിൽപനയുടെ 2.54 ശതമാനം മാത്രമാണ് ഓൺലൈൻ വഴി നടന്നത്. യാത്രക്കാർ പുറപ്പെടുന്ന ഡിപ്പാർച്ചർ സെഷനിലാണ് 88 ശതമാനം വിൽപനയും നടന്നത്. യാത്രക്കാർ ദുബൈയിലേക്ക് എത്തുന്ന അറൈവൽ സെഷനിൽ ഒമ്പതു ശതമാനം മാത്രമാണ് വിൽപന നടന്നത്. ഈ കാലയളവിൽ 19 പുരസ്കാരങ്ങൾ സ്വന്തമാക്കി. മൂന്നു വർഷത്തിനിടെ ദുബൈയിൽ ഏറ്റവും യാത്രക്കാർ എത്തിയത് കഴിഞ്ഞ വർഷമാണ്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളം എന്ന റെക്കോഡും ദുബൈക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

