‘ദുബൈ ഡെസ്റ്റിനേഷൻസ്' വേനൽക്കാല കാമ്പയിന് തുടക്കമായി
text_fieldsദുബൈ: വേനൽക്കാലത്ത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ദുബൈയിലെ വിനോദ-സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിനായി ഒരുക്കുന്ന 'ദുബൈ ഡെസ്റ്റിനേഷൻസ്' വേനൽക്കാല കാമ്പയിന്റെ ആറാം സീസണിന് തുടക്കമായി. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ, ദുബൈ ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവുമായി സഹകരിച്ച് നടത്തുന്ന കാമ്പയിൻ ജൂലൈ ഏഴ് മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.
ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ ജീവിക്കാനും സന്ദർശിക്കാനും അനുയോജ്യമായ നഗരമാക്കി മാറ്റുക എന്ന ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടിലും കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇൻഡോർ വിനോദങ്ങൾ, വാട്ടർപാർക്കുകൾ, പ്രമുഖ ഹോട്ടലുകളിലെയും വിനോദകേന്ദ്രങ്ങളിലെയും പ്രത്യേക ഓഫറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഈ ഘട്ടത്തിൽ കാമ്പെയ്ൻ മുന്നോട്ടുപോകുന്നത്.
പ്രശസ്തമായ 'ദുബൈ സമ്മർ സർപ്രൈസസ്' (ഡി.എസ്.എസ്) ഷോപ്പിങ് മേളയോടൊപ്പമാണ് ഇത്തവണയും കാമ്പയിൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ആയിരത്തിലധികം പ്രമുഖ ബ്രാൻഡുകളിൽ 80 ശതമാനം വരെയും, പ്രത്യേക വാരാന്ത്യ സെയിലുകളിൽ 90 ശതമാനം വരെയും വിലക്കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഷോപ്പിങ് നടത്തുന്നവർക്കായി ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ, പുതിയ കാറുകൾ, കാഷ് പ്രൈസുകൾ എന്നിവയടക്കം നിരവധി മെഗാ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായി ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ വിനോദകേന്ദ്രങ്ങളിലൊന്നായ 'മോദേഷ് വേൾഡ്' പ്രവർത്തനമാരംഭിച്ചു. കൂടാതെ ഐ.എം.ജി വേൾഡ്സ്, ലെഗോലാൻഡ്, കിഡ്സാനിയ, സ്കീ ദുബൈ, അയാ യൂനിവേഴ്സ് തുടങ്ങിയ പ്രമുഖ ഇൻഡോർ സാഹസിക കേന്ദ്രങ്ങളിലും പ്രത്യേക പ്രമോഷനുകൾ ലഭ്യമാണ്.
കാമ്പെയിന്‍റെ ഭാഗമായി സന്ദർശകർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ ബ്രാൻഡ് ദുബൈ ഡിജിറ്റൽ ഗൈഡുകൾ പുറത്തിറക്കി. വാരാന്ത്യങ്ങളിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ, കടൽത്തീരത്തെ ഡൈനിങ് ഓപ്ഷനുകൾ എന്നിവ ഇതിലൂടെ കണ്ടെത്താം. കൂടാതെ 'പ്രൗഡ്‌ലി ഫ്രം ദുബൈ' പദ്ധതിയിലുള്ള സംരംഭങ്ങൾക്ക് കാമ്പയിനിലൂടെ വലിയ പിന്തുണയാണ് അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

