ഗസ്സക്ക് അടിയന്തര മാനുഷിക സഹായമെത്തിച്ച് ദുബൈ
text_fieldsഗസ്സയിലേക്ക് കൊണ്ടുപോകുന്ന മെഡിക്കൽ വസ്തുക്കൾ
ദുബൈ: ഇസ്രായേൽ അധിനിവേശത്തിന്‍റെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായമെത്തിച്ച് ദുബൈ. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തിന് കീഴിൽ ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭം ആണ് ഗസ്സയിലേക്ക് അടിയന്തര മെഡിക്കൽ വസ്തുക്കൾ കയറ്റി അയച്ചത്. ആഗോള ഹ്യൂമാനിറ്റേറിയൻ ഇംപാക്ട് ഫണ്ടുമായി കൈകോർത്ത് മൂന്ന് ട്രക്കുകളിലായി 22.3 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ ഗസ്സയിലെത്തി. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അനുവദിച്ച ഷിപ്പ്മെന്റിലൂടെ 1,10,000 പേരുടെ ആവശ്യങ്ങളെ ഇതിലൂടെ പിന്തുണക്കാനാവുമെന്നാണ് പ്രതീക്ഷ.
ആഗോള വിതരണ ശംഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഗസ്സയിലെ ദുരിതബാധിതരിലേക്ക് അടിയന്തര സഹായം എത്തുമെന്ന് ഉറപ്പാക്കാൻ വിവിധ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭത്തിന്‍റെ ബോർഡ് അംഗവും സി.ഇ.ഒയുമായ ഗ്യൂസെപ്പെ സാബ പറഞ്ഞു.
സങ്കീർണമായ സാഹചര്യത്തിലും ആവശ്യക്കാരിലേക്ക് കാര്യക്ഷമതയോടെ സഹായമെത്തിക്കുന്നതിനായി ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഇംപാക്ട് ഫണ്ട് സൗകാര്യമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 മുതൽ വിവിധ സർക്കാർ സമിതികൾ, മാനുഷിക സംഘടനകൾ, വാണിജ്യ പങ്കാളികൾ എന്നിവരുമായി സഹകരിച്ച് ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭം 40 രാജ്യങ്ങളിൽ അടിയന്തര സഹായം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

