ദുബൈ സൈക്ലിങ് ടൂറിന് റാസല്‍ഖൈമയില്‍ ഒരുക്കങ്ങള്‍
text_fieldsറാസല്‍ഖൈമ: ബുധനാഴ്ച എമിറേറ്റിലെത്തുന്ന യു.എ.ഇ സൈക്ലിങ് ടൂര്‍ വിജയകരമാക്കുന്നതിനുള്ള പദ്ധതികളുമായി റാക് പൊലീസ്. സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സാല് അല്‍ നഖ്ബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷായോഗം ടൂര്‍ സുരക്ഷിതമാക്കുന്നതിന് 50 പ്രത്യേക പട്രോളിങ് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. 179 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് ജബല്‍ ജെയ്സില്‍ അവസാനിക്കുന്നതാണ് സൈക്ലിങ് ടൂര്‍.
റാക് അല്‍ ഖ്വാസിം കോര്‍ണിഷില്‍ നിന്നാരംഭിച്ച് നിരവധി റൗണ്ടെബൗട്ടുകള്‍, ഗ്രാമങ്ങള്‍, റോഡുകള്‍ എന്നിവ കടന്ന് ജബല്‍ ജെയ്സ് ഫിനിഷിങ് ലൈനില്‍ എത്തുന്നതാണ് ടൂര്‍. ബുധനാഴ്ച രാവിലെ 11.54ന് തുടങ്ങുന്ന മത്സരം വൈകുന്നേരം 4.20ന് ജബല്‍ ജെയ്സില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ടൂര്‍ കടന്നുപോകുന്ന തെരുവുകള്‍ താല്‍ക്കാലികമായി അടച്ചിടും. അവസാന മത്സരാര്‍ഥിയും കടന്നുപോകുമ്പോള്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കും. മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച ടൂര്‍ റൂട്ടുകള്‍ കേന്ദ്രീകരിച്ച് റിഹേഴ്സല്‍ നടക്കും.
അല്‍ ഖ്വാസിം കോര്‍ണീഷ് - അല്‍ മാമൂറ - അല്‍ മ്യാരീദ്, ശമല്‍ -അല്‍റംസ് സ്ട്രീറ്റ് -എമിറേറ്റ്സ് സ്ട്രീറ്റ് - ദിഗ്ദാഗ ബ്രിഡ്ജ്, അല്കറാന് - റാഷിദ് സ്ട്രീറ്റ് - അല്‍ വക്കലത്ത് സ്ട്രീറ്റ്, അല്‍ ജസീറ അല്‍ ഹംറ-അല്‍ ശുഹദാ -അല്തവീന് സ്ട്രീറ്റ്, അല്‍ മര്‍ജാന്‍ - അല്‍ ലിവ സ്ട്രീറ്റ് - ജബല്‍ ജെയ്സ് റോഡുകളിലൂടെയാണ് ബുധനാഴ്ച ദുബൈ ടൂര്‍ കടന്നുപോകുക. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് തിങ്കളാഴ്ച രാവിലെ 11.30ന് നടക്കുന്ന റിഹേഴ്സലിനോടനുബന്ധിച്ചും ഗതാഗത നിയന്ത്രണമുണ്ടാകും.
സമഗ്ര സുരക്ഷയാണ് ടൂറിന് ഒരുക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. യൂസഫ് ബിന്‍ യാക്കൂബ് പറഞ്ഞു. ടൂറില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായ പാത നല്‍കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ഡ്രൈവര്‍മാര്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ലെഫ്. കേണല്‍ സാലിം ബര്‍ഗുയിബ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

