ദുബൈ സൈക്ലിങ് പാസ് സ്മരണിക സ്റ്റിക്കർ വിതരണം
text_fieldsദുബൈ എയർപോർട്ടിൽ ദുബൈ സൈക്ലിങ് പാസിന്റെ സ്വാഗത സ്മരണിക സ്റ്റിക്കറുമായി കുട്ടികൾ
ദുബൈ: നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദുബൈ വിമാനത്താവളത്തിൽ ‘ദുബൈ സൈക്ലിങ് പാസ്’ സ്റ്റിക്കർ വിതരണം ആരംഭിച്ചു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആവിഷ്കരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ക്യു.ആർ കോഡ് അടങ്ങിയ സ്വാഗത സ്മരണിക വിതരണം ചെയ്തത്.
‘എയർപോർട്ടിൽ നിന്ന് ട്രാക്കിലേക്ക്’ എന്ന ആശയത്തെ മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരത്തിനായി ദുബൈയിൽ എത്തുന്നത് മുതൽ തന്നെ സന്ദർശകരെ നഗരത്തിന്റെ കായിക സംസ്കാരവുമായി ബന്ധിപ്പിക്കുക എന്നതാണിതിന്റെ ലക്ഷ്യം. സ്റ്റിക്കറിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ‘ദുബൈ സൈക്ലിങ് പാസ്’ പദ്ധതിയുടെ പൂർണ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും. ദുബൈയുടെ ടൂറിസം കാഴ്ചപ്പാടിൽ ആരോഗ്യവും ജീവിതശൈലിയും പ്രധാന ഘടകങ്ങളാണ്. ആഡംബര ഹോട്ടലുകളും ഷോപ്പിങ് കേന്ദ്രങ്ങളും മാത്രമല്ല, പ്രകൃതിയോട് ചേർന്ന തുറസ്സായ ഇടങ്ങൾ, സൈക്ലിങ് ട്രാക്കുകൾ, വാക്കിങ് പാതകൾ എന്നിവയും ദുബൈയുടെ ആകർഷണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ദുബൈ സൈക്ലിങ് പാസ്’ ഈ കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ്.
2026 ജനുവരി 10ന് നാദ് അൽ ശിബ സൈക്ലിങ് ട്രാക്കിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഒമ്പത് അംഗീകൃത സൈക്ലിങ് ട്രാക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ സൈക്ലിങ് പാസ്പോർട്ട്, വെർച്വൽ സ്റ്റാംപ് സംവിധാനം, മാനുവൽ സൈക്ലിങ് പാസ്പോർട്ട്, സജീവ പങ്കാളികൾക്ക് നൽകുന്ന പ്രതീകാത്മക സമ്മാനങ്ങൾ എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

