വ്യാപാര നടപടികൾ വേഗത്തിലാക്കി ദുബൈ കസ്റ്റംസ്: വ്യോമ ചരക്ക് ഇടപാടുകളിൽ 53 ശതമാനം വർധന
text_fieldsദുബൈ: ദുബൈ കസ്റ്റംസിന്‍റെ എയർ കാർഗോ സെന്‍ററുകൾ 2026ന്‍റെ ആദ്യ പകുതിയിൽ ഏകദേശം 18.2 ദശലക്ഷം കസ്റ്റംസ് ഇടപാടുകൾ പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.9 ദശലക്ഷം ഇടപാടുകളായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ 53 ശതമാനത്തോളമാണ് വളർച്ച. കൈകാര്യം ചെയ്ത ചരക്കിന്‍റെ ആകെ ഭാരം 47 ശതമാനം വർധിച്ച് 1.3 ദശലക്ഷം ടണ്ണിലെത്തി.
ഇ-കൊമേഴ്‌സ് വ്യാപാരം സുഗമമാക്കുന്നതിനായി കസ്റ്റംസ് തീരുവ ഇളവുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന ഇ-കൊമേഴ്‌സ് ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനുള്ള പരിധി 2026 ആഗസ്റ്റ് മൂന്നുമുതൽ 1,000 ദിർഹമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഇറക്കുമതി ചെയ്ത ശേഷം 60 ദിവസത്തിനുള്ളിൽ തിരിച്ചയക്കുന്ന ഉൽപന്നങ്ങൾക്ക് മുമ്പ് അടച്ച തീരുവ തിരികെ നൽകുന്ന ഇളവുമുണ്ട്. എന്നാൽ, പുകയില ഉൽപന്നങ്ങൾ, ഇ-സിഗരറ്റുകൾ, മദ്യം, മദ്യത്തിന്‍റെ അംശമുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് ഈ ഇളവുകൾ ബാധകമല്ല.
ഫ്രീ സോൺ ഡിപാർട്ട്‌മെന്‍റിൽ മാത്രം 17.7 ദശലക്ഷം കസ്റ്റംസ് ഇടപാടുകൾ നടന്നു. ഇത് മുൻവർഷത്തേക്കാൾ 62 ശതമാനം കൂടുതലാണ്. ഇ-കൊമേഴ്‌സ് മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആദ്യ ആറുമാസത്തിനുള്ളിൽ 6.2 ദശലക്ഷത്തിലധികം തപാൽ പാഴ്സലുകളാണ് കേന്ദ്രങ്ങൾ വഴി കൈകാര്യം ചെയ്തത്. എ.ഐ, സ്മാർട്ട് സാങ്കേതികവിദ്യകൾ, വിദഗ്ദ്ധ പരിശോധനാ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി കസ്റ്റംസ് സേവനങ്ങൾ വേഗത്തിലാക്കുന്നത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വില്ലേജ്, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ സെന്‍റർ എന്നിവ വഴി ക്ലിയർ ചെയ്ത ഇറക്കുമതി ചരക്കുകളുടെ ഭാരം 2026 ജനുവരിയിലെ 26.56 ദശലക്ഷം കിലോഗ്രാമിൽ നിന്ന് മേയിൽ 48.26 ദശലക്ഷം കിലോഗ്രാമായി (82 ശതമാനം വർധന) ഉയർന്നു. മേയിൽ മാത്രം പ്രതിദിനം പരമാവധി 2.11 ദശലക്ഷം കിലോഗ്രാം ചരക്കുകൾ വരെ വിജയകരമായി കൈകാര്യം ചെയ്യാൻ ദുബൈ കസ്റ്റംസിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

