ദുബൈയിൽ പിടികൂടിയത് 35 ടൺ കള്ളക്കടത്ത് വസ്തുക്കൾ
text_fieldsദുബൈ കസ്റ്റംസ് പുറത്തുവിട്ട കണക്കുകൾ
ദുബൈ: കഴിഞ്ഞ മുന്നു മാസത്തിനിടെ ദുബൈ കസ്റ്റംസ് പിടികൂടിയത് 35 ടൺ അനധികൃത ഉത്പന്നങ്ങൾ. എയർ കാർഗോ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഉത്പന്നങ്ങളാണ് പിടികൂടിയത്. ദുബൈയിലെ മുഴുവൻ എയർകാർഗോ സെന്‍ററുകളിൽ നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന അനധികൃത വസ്തുക്കൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
1.2 കോടി സിഗ്രറ്റുകൾ, 67 ലക്ഷം വ്യാജ സിഗരറ്റുകൾ, 37,110 ടൺ സൗന്ദര്യവർധക വസ്തുക്കൾ, അംഗീകാരമില്ലാത്ത 3,632 ഇലക്ട്രോണിക് ഘടകങ്ങൾ, ആഗോള ബ്രാൻഡുകളുടെ 10,520 വ്യാജ പതിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
രാജ്യത്തെ അതിർത്തികൾ സംരക്ഷിക്കുന്നതിനും കള്ളക്കടത്തും വാണിജ്യ തട്ടിപ്പുകളും തടയുന്നതിനും സമ്പദ് വ്യവസ്ഥയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനുമായി ദുബൈ കസ്റ്റംസ് തുടരുന്ന നടപടികൾക്ക് ശക്തിപകരുന്നതാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ പരിശ്രമവും അതോടൊപ്പം നൂതന സംവിധാനങ്ങളുടെ ഉപയോഗവും മികച്ച രീതിയിൽ സംയോജിപ്പിച്ചത് കള്ളക്കടത്ത് തടയുന്നതിന് സാധിച്ചുവെന്ന് ദുബെ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസന്ദ് പറഞ്ഞു.
'സംശകരമായ ഷിപ്പ്മെന്റുകളെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി നൂതനമായ സംവിധാനങ്ങളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിക്കുന്നത്. കൂടാതെ പരിശോധനക്ക് വിദഗ്ധരായ ടീമിന്‍റെയും ഇന്‍റലിജൻസ് സംവിധാനങ്ങളുടെയും സഹായവും പിന്തുണയേകി' അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷിതമായ കസ്റ്റംസ് നീക്കങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലെത്തുകയെന്നതാണ് ലക്ഷ്യം. അതോടൊപ്പം ദേശീയ സുരക്ഷ വർധിപ്പിക്കുക, നിയമാനുസൃതമായ വ്യാപാരത്തിനായി മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുക, ദേശീയ സുരക്ഷ വർധിപ്പിക്കുക, ഉടമകളുടെ ട്രേഡ്മാർക്ക് സംരക്ഷിക്കുക, ദുബൈയുടെ കാഴ്ചപ്പാടുകളേയും ഇകണോമിക് അജണ്ടകളേയും പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങളും തങ്ങൾ മുന്നോട്ടുവെക്കുന്നതായി അദ്ദേം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

