ദുബൈ കസ്റ്റംസ് കഴിഞ്ഞ വർഷം പരിശോധിച്ചത് നാലര കോടിയിലേറെ ബാഗുകൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം 2,06,396 വിമാനങ്ങളിൽ നിന്നായി 4,68,70,957 ബാഗുകൾ കസ്റ്റംസ് പരിശോധിച്ചതായി കസ്റ്റംസിലെ പാസഞ്ചർ ഓപറേഷൻസ് വകുപ്പ് മേധാവി ഇബ്രാഹിം അൽ കമാലി പറഞ്ഞു. പ്രതിദിനം ശരാശരി 1,28,400 ബാഗുകളാണ് പരിശോധിച്ചത്. യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും മികച്ച യാത്രാനുഭവങ്ങൾ നൽകാനുമുള്ള കസ്റ്റംസിന്റെ പ്രതിബദ്ധതയാണ് പരിശോധനാ സംവിധാനങ്ങളിൽ പ്രതിഫലിക്കുന്നത്. നിലവിൽ 77 ബാഗേജ് പരിശോധനാ ഉപകരണങ്ങളും 845-ലേറെ ഉദ്യോഗസ്ഥരും ദുബൈയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുണ്ട്.
കഴിഞ്ഞ വർഷം മാത്രമായി 1.7 കോടി സന്ദർശകരാണ് എമിറേറ്റിലേക്കെത്തിയത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിൽ കസ്റ്റംസിന്റെ സേവനങ്ങൾക്കും നിർണായക പങ്കുണ്ട്. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായാണ് കസ്റ്റംസ് പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിലും വലിയ സംഭാവനകളാണ് വകുപ്പ് നൽകുന്നതെന്നും അൽ കമാലി വിശദീകരിച്ചു.
പരിശോധനകൾ വേഗത്തിലാക്കുന്നതിന് നിർമിത ബുദ്ധി ഉൾപ്പടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് കസ്റ്റംസ് ഉപയോഗിക്കുന്നത്. നാലു മിനിറ്റിനകം കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാനായി ആരംഭിച്ച ‘ഐ ഡിക്ലയർ’ആപ്പിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്നത്.
ഹജ്ജ്, അവധിക്കാലം, ആഘോഷ സീസണുകൾ എന്നിങ്ങനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കേറിയ സമയങ്ങളിൽ യാത്രനടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കാറുണ്ടെന്ന് പാസഞ്ചർ ഓപറേഷൻസ് വകുപ്പിലെ എയർപോർട്ട് ടെർമിനൽ ഒന്നിന്റെ സീനിയർ മാനേജരായ ഖാലിദ് അഹ്മദ് പറഞ്ഞു. വൈവിധ്യമാർന്ന ആഘോഷങ്ങൾക്കും പരിപാടികൾക്കുമായി ലക്ഷക്കണക്കിനാളുകളാണ് ഓരോ സീസണിലും എമിറേറ്റിലെത്തുന്നതെന്നും ഖാലിദ് അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

