Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ക്രിപ്‌റ്റോ ഇടപാടിലൂടെ 26 ലക്ഷം ദിർഹം തട്ടിയ ആറംഗസംഘം പിടിയിൽ

text_fields
bookmark_border
crypto
cancel
camera_alt

പ്രതീകാത്മക ചിത്രം

ദുബൈ: വ്യാജ ഡിജിറ്റൽ കറൻസി ഇടപാടിലൂടെ 26 ലക്ഷം ദിർഹം തട്ടിയെടുത്ത ആറംഗ തട്ടിപ്പ് സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. അംഗീകാരമില്ലാത്ത എക്‌സ്‌ചേഞ്ച് വഴി ക്രിപ്‌റ്റോ കറൻസി വാങ്ങാൻ ശ്രമിച്ച വ്യക്തിയിൽനിന്നാണ് സംഘം പണം തട്ടിയത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 20 ലക്ഷം ദിർഹവും ആറുലക്ഷം ദിർഹമിന്‍റെ ഡിജിറ്റൽ കറൻസിയും പൊലീസ് വിജയകരമായി വീണ്ടെടുത്തു.

വൻതുക നൽകി ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ ശ്രമിച്ച വ്യക്തിയാണ്​ തട്ടിപ്പിനിരയായത്​. ഇയാൾ ഇതിനായി ലൈസൻസില്ലാത്ത ഒരു എക്സ്ചേഞ്ചിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെവച്ച് പ്രതികളെ കണ്ടുമുട്ടുകയും ഇടപാടിന് ധാരണയാവുകയുമായിരുന്നു. തുടർന്ന്, ഉടമകളെ തിരിച്ചറിയാൻ സാധിക്കാത്ത വികേന്ദ്രീകൃത ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം മാറ്റാൻ പ്രതികൾ ആവശ്യപ്പെട്ടു. ഡിജിറ്റൽ കറൻസികൾ കൈമാറ്റം ചെയ്യപ്പെട്ട ഉടൻ തന്നെ പ്രതികൾ പണവുമായി കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഫീൽഡ് തലത്തിൽ തെളിവുകൾ ശേഖരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. അതിനൊപ്പം തന്നെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകൾ തമ്മിലുള്ള പണമിടപാടുകളുടെ സങ്കീർണമായ സാങ്കേതിക വിവരങ്ങൾ വിശകലനം ചെയ്തു.

അത്യാധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചു. ഡിജിറ്റൽ കറൻസികൾ മറ്റ് വാലറ്റുകളിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ അവ പൂർണമായും പൊലീസിന്‍റെ നിയന്ത്രണത്തിലാക്കാൻ സാധിച്ചത്​ കേസിൽ നിർണായകമായി.

ഡിജിറ്റൽ കറൻസി വിപണിയിലെ അതിവേഗ വളർച്ചയും സാങ്കേതികതയും മുതലാക്കി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ അത്യാധുനിക ഡിജിറ്റൽ അനലിറ്റിക്കൽ ടൂളുകളാണ് ദുബൈ പൊലീസ് ഉപയോഗിക്കുന്നത്. അന്വേഷണ മികവും സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ഏത് സങ്കീർണമായ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് പൊലീസ് വ്യക്തമാക്കി.

ലൈസൻസില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തരുതെന്ന് ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജന്മാരിൽ കുടുങ്ങരുതെന്നും, അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രം ഇടപാടുകൾ നടത്തണമെന്നും പൊലീസ് അഭ്യർഥിച്ചു. സംശയാസ്പദമായ വിവരങ്ങൾ ഉടനടി ഔദ്യോഗിക ചാനലുകൾ വഴി പൊലീസിനെ അറിയിക്കണം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Crypto Scam Busted
Next Story