Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരസ്പര...

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന കരാറിനെതിരെ അപ്പീൽ നൽകാനാവില്ലെന്ന്​ ദുബൈ കോടതി

text_fields
bookmark_border
പരസ്പര സമ്മതത്തോടെയുള്ള   വിവാഹമോചന കരാറിനെതിരെ അപ്പീൽ നൽകാനാവില്ലെന്ന്​ ദുബൈ കോടതി
cancel

ദുബൈ: മുസ്‌ലിം ദമ്പതികൾ കോടതിയിലെ വിചാരണവേളയിൽ ജഡ്ജിക്ക് മുന്നിൽ പരസ്പര സമ്മതത്തോടെ ഒപ്പുവെക്കുന്ന വിവാഹമോചന കരാറുകൾക്കെതിരെ ഉന്നത കോടതികളിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന് ദുബൈ കാസേഷൻ കോടതി ഉത്തരവിട്ടു. വ്യക്തിനിയമ തർക്കങ്ങളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലോ അപ്പീൽ കോടതിയിലോ വെച്ച് ഇരുവിഭാഗവും അംഗീകരിച്ച് ഒപ്പുവെക്കുന്ന കരാറുകൾ അന്തിമമായിരിക്കുമെന്നും ഇതിനെതിരെ പിന്നീട് അപ്പീൽ കോടതിയിലോ കാസേഷൻ കോടതിയിലോ ഹർജി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദമ്പതികൾ തമ്മിലുള്ള വ്യക്തിനിയമ തർക്കത്തിലാണ് ദുബൈ കാസേഷൻ കോടതിയുടെ സുപ്രധാന വിധി.

2025 ജൂൺ 28ന് ഇമെയിൽ വഴി ഭാര്യയെ വിവാഹമോചനം ചെയ്തതായി സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ഈ ഇമെയിൽ തനിക്ക് ലഭിച്ചില്ലെന്നും 2025 സെപ്റ്റംബർ മൂന്നിനാണ് വിവാഹമോചന കാര്യം അറിഞ്ഞതെന്നും ഭാര്യ കോടതിയെ അറിയിച്ചു. ജീവനാംശം, നഷ്ടപരിഹാരം, ചികിത്സ ഇൻഷുറൻസ് തുടങ്ങി വിവിധ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ഭാര്യ കൗണ്ടർ ക്ലെയിം ഫയൽ ചെയ്തു.

തുടർന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ, ഭർത്താവ് ഭാര്യക്ക്​ 1,25,000 ദിർഹം നൽകാനും വിവാഹമോചനം രേഖപ്പെടുത്താനും ഇരുപക്ഷവും നേരിട്ടെത്തി പരസ്പരം സമ്മതിച്ചു. 2025 ഒക്ടോബർ 15ന് കോടതി ഈ കരാർ ഔദ്യോഗികമായി അംഗീകരിച്ചു.

എന്നാൽ, കരാർ അംഗീകരിച്ച ശേഷം ഭർത്താവ് ഇതിനെതിരെ അപ്പീൽ നൽകി. തനിക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്നും കോടതിയിൽ തർജമ ചെയ്യാൻ ആളില്ലായിരുന്നുവെന്നും അതുകൊണ്ടാണ്​ ഒന്നേകാൽ ലക്ഷം ദിർഹം നഷ്​ടപരിഹാരം നൽകാൻ സമ്മതിച്ചുള്ള കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതനായതെന്നും ചൂണ്ടിക്കാട്ടിയാണ്​ ഭർത്താവ് ഉന്നത കോടതിയെ സമീപിച്ചത്​. എന്നാൽ, കാസേഷൻ കോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.

വിചാരണ വേളയിൽ തർജമക്കാരൻ ഉണ്ടായിരുന്നില്ലെന്ന ഭർത്താവിന്റെ വാദവും കോടതി തള്ളി. നിയമപരമായ തർജമക്കാരൻ വിചാരണയിൽ പങ്കെടുക്കുകയും ആവശ്യമായ തർജമ നിർവഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അ​തോടൊപ്പം, രണ്ടു കൂട്ടരും പരസ്പര സമ്മതത്തോടെ ജഡ്ജിക്ക് മുന്നിൽ വെച്ച് ഉണ്ടാക്കുന്ന കരാറുകൾ ഔദ്യോഗിക രേഖയായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കരാറുകൾ അംഗീകരിച്ചു നൽകുന്നതുവഴി ജഡ്ജി തർക്കത്തിൽ വിധി പറയുകയല്ല. ഇരുവിഭാഗവും പരസ്പരസമ്മതത്തോടെ എത്തിച്ചേർന്ന ധാരണയെ ഔദ്യോഗികമായി രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

അതിനാൽ, ഇത് ഒരു ‘കോടതി വിധി’ ആയി കണക്കാക്കാൻ കഴിയില്ല. ഇതിനെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഭർത്താവിന്റെ ഹർജി തള്ളിയ കാസേഷൻ കോടതി, കോടതിച്ചെലവുകൾ ഭർത്താവ് തന്നെ നൽകണമെന്ന് ഉത്തരവിട്ടു. ​ കോടതിയിൽ കെട്ടിവെച്ച തുക കണ്ടുകെട്ടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai courtgulfUAEdivorce
News Summary - Dubai court says divorce agreement by mutual consent cannot be appealed
Next Story