ദുബൈയിൽ സ്കൂളുകൾ തുറക്കുന്നത് ആലോചനയിൽ
text_fieldsദുബൈ: ഓൺലൈൻ പഠനം നിലനിർത്തിക്കൊണ്ടുതന്നെ സ്കൂളുകൾ തുറക്കാനുള്ള ആലോചനയുമായി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ഏപ്രിൽ മൂന്നുവരെ ഓൺലൈൻ പഠനം തുടരുന്നത് സ്ഥിരീകരിച്ചുവെന്നാണ് കെ.എച്ച്.ഡി.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
കർശനമായ നിബന്ധനകൾ പാലിക്കാൻ കഴിയുമെങ്കിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ മാനേജ്മെന്റുകളെ അനുവദിച്ചേക്കും. ഇതിനായി പ്രത്യേക സാഹചര്യങ്ങളും കൈകൊണ്ട മുൻകരുതൽ നടപടികളും വിശദീകരിച്ച് ഔദ്യോഗികമായ അപേക്ഷ കെ.എച്ച്.ഡി.എക്ക് സമർപ്പിക്കണം. ഇത് സൂക്ഷ്മമായി പരിശോധിച്ച ശേഷം സ്കൂൾ തുറക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും അപേക്ഷകൾ പരിഗണിക്കുക. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കും ക്ഷേമത്തിനും ആയിരിക്കും പ്രധാന പരിഗണന.
രാജ്യത്തെ എല്ലാ സ്കൂളുകൾക്കും മാർച്ച് രണ്ട് മുതൽ ആരംഭിച്ച ഓൺലൈൻ പഠനം വസന്തകാല അവധി അവസാനിക്കുന്ന മാർച്ച് 22ന് ശേഷവും തുടരുകയാണ്. മൂന്നാം ടേം ആരംഭിക്കുന്നത് മുതൽ രണ്ട് ആഴ്ച കൂടി ഓൺലൈൻ പഠനം തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

