ദുബൈ ചേംബർ ഓഫിസ് ബംഗളൂരുവിൽ തുറന്നു; ചടങ്ങിൽ ശൈഖ് ഹംദാൻ പങ്കെടുത്തു
text_fieldsമുംബൈയിൽ നടന്ന ചടങ്ങിൽ ശൈഖ് ഹംദാൻ കേന്ദ്ര പീയൂഷ് ഗോയലുമായി സംവദിക്കുന്നു
ദുബൈ: ഇന്ത്യ-യു.എ.ഇ സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈ ഇന്റർനാഷനൽ ചേംബറിന്റെ പുതിയ ഓഫിസ് ബംഗളൂരുവിൽ തുറന്നു.
ദുബൈ ഇന്റർനാഷനൽ ചേംബറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫിസാണ് ബംഗളൂരുവിലേത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനവേളയിലാണ് ദുബൈ ഇന്റർ നാഷനലിന്റെ പുതിയ ഓഫിസ് ഉദ്ഘാടനവും നടന്നത്.
ശൈഖ് ഹംദാനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പുതിയ സംരംഭം ഇന്ത്യയും ദുബൈയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സാമ്പത്തിക സംയോജനം, ശക്തമായ ബിസിനസ് സഹകരണം, ഡിജിറ്റൽ സാമ്പദ്വ്യവസ്ഥയുടെ വികസനം എന്നിവയിലേക്കുള്ള പുതിയ അധ്യായത്തിന്റെ അടിത്തറ കൂടിയാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ൽ മുംബൈയിലാണ് ദുബൈ ഇന്റർനാഷനൽ ചേംബറിന്റെ ആദ്യ ഓഫിസ് ഉദ്ഘാടനം ചെയ്തത്. ബംഗളൂരു ഓഫിസ് തുറക്കുന്നതോടെ ദുബൈ ഇന്റർനാഷനൽ ചേംബറിന്റെ ആഗോള ബ്രാഞ്ചുകളുടെ എണ്ണം 34 ആയി ഉയർന്നു. 2030 ഓടെ ആഗോള തലത്തിൽ ദുബൈ ചേംബറിന്റെ ഓഫിസുകളുടെ എണ്ണം 50 ആയി ഉയർത്തുകയാണ് ലക്ഷ്യം.
30 ആഗോള വിപണികളിലായി പുതിയ ബിസിനസ് അവസരങ്ങൾ തേടുന്നതിന് ദുബൈ ആസ്ഥാനമായുള്ള കമ്പനികളെ പിന്തുണക്കുന്നതിനും വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ഓഫിസ് സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

