ഡിജിറ്റൽ കമ്പനികൾക്ക് ആത്മവിശ്വാസം പകർന്ന് ദുബൈ ചേംബർ
text_fieldsദുബൈ: സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന 72 കമ്പനികളുമായി യോഗങ്ങൾ സംഘടിപ്പിച്ച് ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി. ആഗോളതലത്തിലെ സാഹചര്യത്തിൽ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കുകയും ദുബൈയുടെ ഡിജിറ്റൽ മേഖലയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനുള്ള നവീന പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് യോഗങ്ങൾ ലക്ഷ്യമിട്ടത്.
നിർമിതബുദ്ധി (എ.ഐ), ഫിൻടെക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന പുതിയ പ്രവണതകളും വികസനങ്ങളും പരസ്പരം പങ്കുവെക്കുന്ന വേദിയായി ചർച്ചകൾ മാറി. അതിവേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ ബിസിനസ് തുടർച്ച ഉറപ്പാക്കാൻ ആവശ്യമായ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദുബൈയെ ടെക് സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ആഗോള കേന്ദ്രമാക്കി നിലനിർത്തുന്നതിനുള്ള മാർഗങ്ങളും പങ്കുവെച്ചു.
ദുബൈയിലെ ടെക് കമ്പനികളെ ശക്തിപ്പെടുത്താനും ആഗോള സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാൻ സഹായിക്കാനുമുള്ള പ്രതിബദ്ധത തുടരണമെന്ന് ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി വൈസ് പ്രസിഡന്റ് സഈദ് അൽ ഗർഗാവി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ചേർന്ന് ദുബൈയുടെ ഡിജിറ്റൽ മേഖലയുടെ സ്ഥിരതയും നിലനിൽപ്പും ഉറപ്പാക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ നടത്തുന്ന വ്യത്യസ്ത ഇടപെടലുകളുടെ ഭാഗമായാണ് യോഗങ്ങൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

