മലയാളികൾ മരിച്ച ദുബൈ ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ വെട്ടിക്കുറച്ചു
text_fieldsദുബൈ ബസ് അപകടം (ഫയൽ ചിത്രം)
ദുബൈ: മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീൽ കോടതി വെട്ടിക്കുറച്ചു. ഒമാൻ സ്വദേശിയുടെ ശിക്ഷയാണ് ഏഴ് വർഷത്തിൽനിന്ന് ഒരു വർഷമായി ചുരുക്കിയത്. അതേസമയം, 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ബ്ലഡ് മണിയും നൽകണമെന്ന വിധിയിൽ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കൾക്ക് കൈമാറണം. എന്നാൽ, ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തണമെന്ന വിധി റദ്ദാക്കി.
2019 ജൂലൈയിലാണ് ഡ്രൈവർക്കെതിരായ വിധി വന്നത്. ഏഴ് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യാനുമായിരുന്നു ട്രാഫിക് കോടതിയുടെ വിധി. ഇതിനെതിരെയാണ് ഡ്രൈവർ അപ്പീൽ നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവറുടെ വാദം. 2019 ജൂൺ ആറിനാണ് ദുബൈയിൽ എട്ട് മലയാളികളുടെ ജീവനെടുത്ത അപകടമുണ്ടായത്. മരിച്ച 17 പേരിൽ 12ഉം ഇന്ത്യക്കാരായിരുന്നു. പെരുന്നാൾ സേന്താഷങ്ങൾക്കിടെ ഒമാനിലെ മസ്കത്തിൽനിന്ന് 31 യാത്രക്കാരുമായി വന്ന മുവാസലാത്ത് ബസ് റാഷിദീയയിലെ സൈൻബോർഡിൽ ഇടിച്ചായിരുന്നു അപകടം.
തിരുവനന്തപുരം സ്വദേശി ദീപകുമാർ (40), തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ (49), തലശ്ശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25), തൃശൂർ ചെമ്പൂക്കാവ് സ്വദേശി കിരൺ ജോണി (26), കോട്ടയം സ്വദേശി വിമൽകുമാർ കാർത്തികേയൻ, കണ്ണൂർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ (49), വാസുദേവൻ വിഷ്ണുദാസ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് പാകിസ്താനികളും ഒമാൻ, അയർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തരും മരിച്ചിരുന്നു. പെരുന്നാൾ അവധി പ്രമാണിച്ച് ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോയവരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിപക്ഷവും.
ബസിെൻറ മുൻവശത്ത് ഇരുന്നിരുന്നവരാണ് മരിച്ചവരെല്ലാം. നിയന്ത്രണം വിട്ട ബസ് ഉയരമുള്ള വാഹനങ്ങൾക്ക് അനുമതിയില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡിൽ ഇടിച്ചുകയറുകയായിരുന്നു. സൂര്യപ്രകാശം തടയാൻ മറ വെച്ചിരുന്നതിനാൽ ബോർഡ് ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് ഡ്രൈവർ ആദ്യം നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

