ദുബൈയിലെ കെട്ടിടങ്ങളും സ്ഥാപനങ്ങളും 2020ൽ ദൃഢചിത്ത സൗഹൃദമാവും
text_fieldsദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ള ആളുകളെ ദൃഢചിത്തർ എന്നു വിശേഷിപ്പിക്കണമെന്നുൾപ്പെടെ വിവിധ നിർദേശങ്ങളും പദ്ധതികളുമുൾക്കൊള്ളുന്ന ദൃഢചിത്ത ക്ഷേമ ദേശീയ നയത്തിെൻറ ഭാഗമായി എമിറേറ്റിലെ പൊതു സ്ഥാപനങ്ങളും നഗരസംവിധാനങ്ങളും പുനക്രമീകരിക്കുന്നു. 2020 നകം ദൃഢചിത്തർക്ക് പ്രയാസമില്ലാതെ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ നഗരത്തിലെ സംവിധാനങ്ങളെല്ലാം സജ്ജീകരിക്കാനാണ് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ നിർേദശിച്ചിരിക്കുന്നത്. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളെല്ലാം ദൃഢചിത്ത സൗഹൃദ നിയമ പ്രകാരം മാത്രമേ അനുവദിക്കൂ. പഴയ കെട്ടിടങ്ങളിലെ സംവിധാനങ്ങൾ ഇൗ കാലയളവിൽ മാറ്റിപ്പണിയും.
ഗതാഗത സംവിധാനങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, സ്കൂളുകൾ, കോളജുകൾ, മസ്ജിദുകൾ, ഹോട്ടൽ, വിനോദ^ഉല്ലാസ കേന്ദ്രങ്ങൾ, ആർട്ട് ഗാലറികൾ, ഷോപ്പിംങ് സെൻററുകൾ തുടങ്ങിയ സ്ഥാപനങ്ങെളല്ലാം വീൽ ചെയറുകൾ എളുപ്പത്തിൽ കയറ്റാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം. ദൃഢചിത്തർക്ക് പരസഹായമില്ലാതെ എത്തി ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറികൾ നിർബന്ധമായും സ്ഥാപിക്കണം.
റോഡ് ഗതാഗത അതോറിറ്റി, ദുബൈ നഗരസഭ, സാമൂഹിക വികസന അതോറിറ്റി (സി.ഡി.എ), ടീ കോം, നോളജ് ആൻറ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റി തുടങ്ങിയ സർക്കാർ^അർധ സർക്കാർ സ്ഥാപനങ്ങളുമായും ദുബൈ മാൾ ഉൾപ്പെടെയുള്ള വൻകിട കെട്ടിടങ്ങൾ നിർമിച്ച ബിൽഡർമാരുമായും എക്സിക്യുട്ടിവ് കൗൺസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തി.
ദുബൈയിലെ ആളുകൾക്ക് മാത്രമല്ല, ലോകത്തിെൻറ ഏതു ഭാഗത്തു നിന്ന് വരുന്ന ഏതൊരു വ്യക്തിക്കും യാതൊരു പ്രയാസവുമില്ലാതെ ഇവിടെ സഞ്ചരിക്കാനും സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്ന രീതിയിലെ യൂനിവേഴ്സൽ ഡിസൈൻ ആണ് കെട്ടിടങ്ങൾക്കായി നിഷ്കർഷിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടിവ് കൗൺസിലിലെ ദൃഢചിത്ത നയ^അവകാശ വിഭാഗം ഡയറക്ടർ ഡോ. സലീം അലി അൽ ഷഇൗഫി പറഞ്ഞു. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കും അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കുമെല്ലാം ഇൗ ഡിസൈൻ പ്രകാരമുള്ള കെട്ടിടങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയിലെ ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾ ആറു മാസത്തിനകം ദൃഢചിത്ത സൗഹാർദപരമാക്കണമെന്ന് ദുബൈ ആരോഗ്യ അതോറിറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉമ്മു സുഖീം ബീച്ചിലുൾപ്പെടെ വിവിധ പൊതുസ്ഥലങ്ങളിൽ ദുബൈ നഗരസഭയും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.