ഉപഭോക്താക്കൾക്ക് കുറഞ്ഞ വൈദ്യുതി നഷ്ടം; സ്വന്തം റെക്കോഡ് തിരുത്തി ദുബൈ
text_fieldsദുബൈ: ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന സ്വന്തം പേരിലെ ലോക റെക്കോഡ് തിരുത്തി ദുബൈ. കഴിഞ്ഞ വർഷം ദുബൈ നഗരത്തിലെ ഉപഭോക്താക്കൾക്ക് നഷ്ടമായത് 0.89 മിനിറ്റ് നേരത്തെ വൈദ്യുതി മാത്രം.
അതായത് പ്രതിവർഷം ഏകദേശം 49 സെക്കൻഡ് സമയത്തെ വൈദ്യുതി നഷ്ടം മാത്രമാണ് ഉപഭോക്താവിനുണ്ടായത്. 2024ൽ ഉപഭോക്താക്കളുടെ വൈദ്യുതി നഷ്ടം 0.94 മിനിറ്റായി കുറച്ചുകൊണ്ട് ദുബൈ വൈദ്യുതി, ജല അതോറിറ്റി (ദീവ) ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതിൽ 13 ശതമാനം കൂടി കുറച്ചാണ് പുതിയ റെക്കോഡിട്ടത്. ദുബൈയെ സംബന്ധിച്ച് ഈ നേട്ടം പുതിയ നാഴികക്കല്ലാണെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി നൽകുന്ന നഗരങ്ങളിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം നിലനിർത്താൻ ദുബൈക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമിത ബുദ്ധി ഉൾപ്പെടെ നാലാം വ്യവസായ വിപ്ലവത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഇവ ദീവയുടെ പ്രവർത്തനങ്ങളിൽ പൂർണമായു സംയോജിപ്പിക്കാനും കഴിഞ്ഞു. ഉയർന്ന വൈദ്യുതി ലഭ്യത മാനദണ്ഡങ്ങൾ അനുസരിച്ച് തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിൽ സ്മാർട്ട് ഗ്രിഡുകൾ ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമാണ്.
ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി മാറാനുള്ള ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബൈ സാമ്പത്തിക അജണ്ട (ഡി33) എന്നിവയെ ഈ നേട്ടം പിന്തുണക്കുമെന്നും സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2035 ഓടെ 700 കോടി ദിർഹം നിക്ഷേപ പിന്തുണയുള്ള ദീവയുടെ അഭിമാന പദ്ധതിയായ സ്മാർട്ട് ഗ്രിഡ് പ്രോഗ്രാമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

