ദുബൈ ബോട്ട് ഷോ: 400 ബോട്ടുകളെത്തും
text_fieldsദുബൈ: ദുബൈയുടെ ജലപാതകളിൽ ആവേശത്തിരയിളക്കാൻ ബോട്ട് ഷോ വീണ്ടുമെത്തുന്നു. മാർച്ച് ഒമ്പതു മുതൽ 13 വരെ ദുബൈ ഹാർബറിൽ നടക്കുന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ 400 ബോട്ടുകൾ അണിനിരക്കും. പുതിയ വേദിയിലാണ് ബോട്ട്ഷോയുടെ 28ാം സീസൺ അരങ്ങേറുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററാണ് അഞ്ചു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം എത്തുന്ന ഏറ്റവും വലിയ ബോട്ട്ഷോയാണിത്. മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസൺ മുടങ്ങിയിരുന്നു.
ലോകപ്രശസ്തമായ ബോട്ടുകളുടെ സംഗമത്തിനാണ് ദുബൈ വേദിയൊരുക്കുന്നത്. സൺറീഫിെൻറ 80 എക്കോലൈൻ, പ്രിൻസസ് വൈ 85, സാൻ ലോറൻസോയുടെ എസ്.എക്സ് 88 തുടങ്ങിയവ ശ്രദ്ധ പിടിച്ചുപറ്റും. ഒഴുകുന്ന 'സൗധങ്ങളായ' ഫെഡ്ഷിപ്, മജസ്റ്റി, നൊമാഡ്, ക്രാഞ്ചി, ലർസെൻ തുടങ്ങി ഈ ഇനത്തിൽപെട്ട 50ഓളം ബോട്ടുകളുമുണ്ടാകും. ദുബൈയെ യാനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വേൾഡ് ട്രേഡ് സെന്‍റർ ഇവന്‍റ് മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് വൈസ്പ്രസിഡന്‍റ് ട്രിക്സി ലോഹ്മിർമന്ദ് പറഞ്ഞു.
ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ 12.6 ശതമാനവും മിഡിൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കുന്നതിനും ബോട്ട് ഷോ സാക്ഷ്യം വഹിക്കും. യു.എ.ഇയിലെ ആഭ്യന്തര ബോട്ടുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 'പ്രൗഡ്ലി യു.എ.ഇ' എന്ന പരിപാടിയും ഇക്കുറിയുണ്ടാവും. അൽ റുബ്ബാൻ മറൈൻ, ജുൾഫാർ ക്രാഫ്റ്റ്, അൽ മസ്റൂയി ബോട്ട് തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ വരവറിയിക്കും. ഗൾഫ് ക്രാഫ്റ്റിെൻറ നിരവധി യാനങ്ങൾ അഞ്ച് ദിവസത്തിനിടെ നീറ്റിലിറക്കും. ചെറിയ മത്സ്യ ബന്ധന ബോട്ടുകളുമുണ്ടാകും. പായ്വഞ്ചി, തുഴച്ചിൽ വള്ളം, ജെറ്റ്സ്കീ, വിൻഡ് സർഫിങ് എന്നിവയെ കുറിച്ചുള്ള അറിവും ലഭിക്കും. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിരിക്കും ഇത്. കപ്പിത്താന്മാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
ലോകത്തെ ഏറ്റവും മികച്ച 10 നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 15 മറീനകളിലായി 3000 ബോട്ടുകൾക്ക് ഇവിടെ ഇടമുണ്ട്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ഇവിടെ 700 ബോട്ടുകൾക്കുള്ള ബെർത്തുണ്ട്. സൂപ്പർ യാനങ്ങൾക്ക് മാത്രമായുള്ള ആദ്യ തീരമാണിത്. എമിറേറ്റിെൻറ ജി.ഡി.പിയിൽ ഏഴ് ശതമാനവും ലഭിക്കുന്നത് സമുദ്രമേഖല വഴിയാണ്. 26.9 ശതകോടി ദിർഹമാണ് ഇതുവഴിയുള്ള ഇടപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

