ദുബൈ ഔഖാഫ് ആസ്തികൾ 1100 കോടി ദിർഹം കവിഞ്ഞു
text_fieldsഎൻഡോവ്മെന്റ്, ഔഖാഫ് പ്രതിനിധികളുമായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: കഴിഞ്ഞ വർഷം ദുബൈ ഔഖാഫിന്റെ ആസ്തികളിൽ ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തി. 2024ൽ 1101 കോടി ദിർഹമാണ് ആസ്തികളുടെ ആകെ മൂല്യം. മൊത്തം ആസ്തികളുടെ എണ്ണം 1043 ആയി വർധിച്ചു. എൻഡോവ്മെന്റിലേക്ക് സംഭാവന നൽകിയവരുടെ എണ്ണം 578ലെത്തി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
എൻഡോവ്മെന്റ്, ഔഖാഫ് എന്നിവയുടെ പ്രതിനിധികളുമായും പ്രമുഖ സംഭാവന ദാതാക്കളുമായും നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു കണക്കുകൾ അവതരിപ്പിച്ചത്. ദുബൈ ഉപ ഭരണാധികാരി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
സാമൂഹികമായ സംരംഭങ്ങളെ പിന്തുണക്കുന്നതിനും വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള എൻഡോവ്മെന്റ് പദ്ധതികൾക്ക് നൽകിയ സംഭാവനകൾക്ക് ശൈഖ് ഹംദാൻ സംഭാവന ദാതാക്കൾക്ക് നന്ദി അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാനുഷിക സംരംഭങ്ങളിലും ആഗോള ഹബായി മാറുന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുമെന്നും ഹംദാൻ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹികക്ഷേമം എന്നിവയെ പിന്തുണക്കുന്നതിൽ എൻഡോവ്മെന്റുകൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആഗോളതലത്തിൽ ഔഖാഫ് സ്വീകരിക്കുന്ന മികച്ച രീതികൾ എൻഡോവ്മെന്റ് മേഖലയിൽ ദുബൈയുടെ നേതൃത്വം ശക്തിപ്പെടുത്തുകയും സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നു.
എൻഡോവ്മെന്റിൽ സ്ത്രീകളുടെ പങ്കും വർധിച്ചുവരുകയാണ്. സ്ത്രീകളുടെ എൻഡോവ്മെന്റ് ആസ്തികളുടെ മൂല്യം 2024ൽ 130 കോടി ദിർഹമായി വർധിച്ചു. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 99.96 ശതമാനമാണ് ഈ രംഗത്തെ വളർച്ച. അതേസമയം, കഴിഞ്ഞ വർഷം 882 ചാരിറ്റി എൻഡോവ്മെന്റുകൾക്ക് 690 കോടിയും ഫാമിലി എൻഡോവ്മെന്റുകൾക്ക് 310 കോടിയും 48 സംയുക്ത എൻഡോവ്മെന്റുകൾക്കായി 110 കോടി ദിർഹവും സംഭാവന വിതരണം ചെയ്തതായും ശൈഖ് ഹംദാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.