ദുബൈയിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്‍റെ നിർദേശപ്രകാരം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസകൾ നൽകി. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. നഴ്സറികൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച അധ്യാപകരെയാണ് പദ്ധതിയിലൂടെ ആദരിക്കുന്നത്.
ദുബൈയുടെ ‘എജുക്കേഷൻ 33' പദ്ധതിക്ക് പൂർണ പിന്തുണ നൽകുന്നതാണ് ഈ നടപടി. ലോകോത്തര അധ്യാപകരെ ആകർഷിക്കുന്നതിനും അവരെ ദുബൈയിൽ നിലനിർത്തുന്നതിനും അതുവഴി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ദുബൈ ലക്ഷ്യമിടുന്നു. 2024 ഒക്ടോബർ അഞ്ചിന് തുടക്കം കുറിച്ച ഈ പദ്ധതി വഴി ഇതുവരെ 835ലധികം അധ്യാപകരിൽനിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ, നേട്ടങ്ങൾ, വിദ്യാഭ്യാസ മേഖലയിലെയും സമൂഹത്തിലെയും സംഭാവനകൾ, രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ എന്നിവ വിലയിരുത്തി സുതാര്യമായ രീതിയിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുകയും വിദ്യാർഥികളുടെ പഠനമികവ് വർധിപ്പിക്കുകയും ചെയ്ത അധ്യാപകർക്ക് ഇതിനായി അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും അപേക്ഷിക്കേണ്ട രീതികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ) വെബ്‌സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

