കൂടുതൽ വിദേശ കമ്പനികളെ ആകർഷിച്ച് ദുബൈ
text_fieldsദുബൈ: ഈ വർഷം ആദ്യ മൂന്നു മാസത്തിൽ ദുബൈ ഇന്റർനാഷനൽ ചേംബർ 53 കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിച്ചതായി ത്രൈമാസ റിപ്പോർട്ട്. ദുബൈ ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിൽ ഒന്നാണ് ദുബൈ ഇന്റർനാഷനൽ ചേംബർ. കഴിഞ്ഞ ദിവസമാണ് കഴിഞ്ഞ മൂന്നു മാസങ്ങളിലെ നേട്ടം അധികൃതർ പുറത്തുവിട്ടത്. ഈ കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപം എമിറേറ്റിലേക്ക് ആകർഷിക്കുന്നതിൽ ചേംബർ നിർണായക നേട്ടം കൈവരിച്ചതായും ഇത് ലോകത്തെ മുൻനിര ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 39ശതമാനം വർധനയാണ് കമ്പനികളുടെ എണ്ണത്തിൽ ഈ വർഷം രേഖപ്പെടുത്തിയത്. 2024ൽ ഇതേകാലയളവിൽ 38 കമ്പനികളെയാണ് ചേംബർ ദുബൈയിലെത്തിച്ചത്. ഇത്തവണ 11 ബഹുരാഷ്ട കമ്പനികൾ ചേംബർ ആകർഷിച്ചവയുടെ പട്ടികയിൽ ഉൾപ്പെടും. 2024ലെ ആദ്യ പാദത്തിൽ അഞ്ച് ബഹുരാഷ്ട്ര കമ്പനികൾ മാത്രമായിരുന്നു ആകർഷിക്കപ്പെട്ടത്.
അതേസമയം, 2025ലെ ആദ്യ പാദത്തിൽ 42 ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആകർഷിക്കപ്പെട്ടു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകർഷിക്കപ്പെട്ട 33 സംരംഭങ്ങളെ അപേക്ഷിച്ച് 27 ശതമാനം വാർഷിക വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. ദുബൈയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും എമിറേറ്റിന്റെ നേട്ടങ്ങളും ലോകമെമ്പാടുമുള്ള കമ്പനികൾക്കും നിക്ഷേപകർക്കും വിശാലമായ അവസരങ്ങളും നൽകുന്നതിനുമുള്ള ശ്രമം തുടർന്നും ശക്തിപ്പെടുത്തുമെന്ന് ദുബൈ ഇന്റർനാഷനൽ ചേംബർ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.
ദുബൈയുടെ ആഗോള നിക്ഷേപ ആകർഷണം ശക്തിപ്പെടുത്തുന്നതിൽ ദുബൈ ഇന്റർനാഷനൽ ചേംബറിന്റെ അന്താരാഷ്ട്ര ഓഫിസുകളുടെ ശൃംഖല നിർണായക പങ്ക് വഹിക്കുന്നുണ്ട്. കമ്പനികൾ അവരുടെ പ്രാദേശികവും അന്തർദേശീയവുമായ വിപുലീകരണം വേഗത്തിലാക്കുന്നതിന് ദുബൈയുടെ മത്സരക്ഷമതയെ പ്രയോജനപ്പെടുത്തുന്നത്, വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ പദവി കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

