അതിസമ്പന്നരുടെ ഇഷ്ടനഗരങ്ങളായി ദുബൈയും അബൂദബിയും
text_fieldsദുബൈ: ലോകത്തെ അതിസമ്പന്നരുടെ ഇഷ്ടനഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ദുബൈയും അബൂദബിയും. ഈ വർഷം 4000ത്തോളം ശതകോടീശ്വരന്മാർ യു.എ.ഇയിലേക്ക് ചേക്കേറുമെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഹെൻലി ഗ്ലോബൽ സിറ്റിൻൺസ് റിപ്പോർട്ടിൽ പറയുന്നത്.
പ്രധാനമായും ദുബൈയിലും അബൂദബിയിലുമാണ് ഇവർ താമസമുറപ്പിക്കുക. നികുതിരഹിത വരുമാനം, ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള സൗകര്യപ്രദമായ ലൊക്കേഷൻ, ആഡംബര സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം, എണ്ണയിൽനിന്നും ഗ്യാസിൽ നിന്നുമുള്ള വർധിച്ചുവരുന്ന വരുമാനം എന്നിവയാണ് ഇവരെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ശതകോടീശ്വരന്മാർ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് 15ാം സ്ഥാനമാണുള്ളതെന്ന് അൾട്രറ്റയുടെ 2022ലെ ബില്ല്യണയർ സെൻസസ് റിപ്പോർട്ടിൽ പറയുന്നു. നഗരങ്ങളുടെ പട്ടികയിൽ ദുബൈ 11ാം സ്ഥാനത്താണ്. 45 ശതകോടീശ്വരന്മാരാണ് യു.എ.ഇയിൽ താമസമാക്കിയിരിക്കുന്നത്. 181 ബില്യൺ ഡോളർ (664 ബില്യൺ ദിർഹം) ആണ് ഇവരുടെ സമ്പത്ത്. ഇതിൽ തന്നെ 38 പേർ ദുബൈയെ ആണ് 'വീടാക്കിയിരിക്കുന്നത്'. കൂടുതൽ അതിസമ്പന്നർ ദുബൈയിലേക്ക് വരുന്നത് റിയൽ എസ്റ്റേറ്റ് മേഖലക്കും ഏറെ ഗുണകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗോൾഡൻ വിസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം പ്രഷഫണലുകളും നിക്ഷേപകരും കൂടുതലായി യു.എ.ഇയിലേക്ക് വരുമെന്നും റിപ്പോർട്ടുണ്ട്.
ഇതോടെ രാജ്യത്ത് താമസയിടങ്ങൾക്ക് ആവശ്യം വർധിക്കും. ഈ വർഷം മൊത്തം 38,000 താമസയിടങ്ങൾ ദുബൈയിൽ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യപാദത്തിൽ മാത്രം 6700 താമസയിടങ്ങൾ നിർമിച്ചിരുന്നു. ഇനി 31,000ത്തിലധികം കൂടി നിർമിക്കുമെന്ന് സൂം പ്രോപ്പർട്ടി ഇൻസൈറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് ബിൻ റാശിദ് സിറ്റിയിലാണ് ഏറ്റവുമധികം താമസയിടങ്ങൾ വിറ്റുപോയിരിക്കുന്നത്. ദുബൈ ലാൻഡ്, ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ ക്രീക് ഹാർബർ, അൽ ജദ്ദാഫ്, ജെ.വി.സി, ഇന്‍റർനാഷണൽ സിറ്റി എന്നിവിടങ്ങളിലും താമസയിടങ്ങൾക്ക് നല്ല ഡിമാൻഡാണ്.
വിലയിലും ഈ വർഷം വർധനവ് ഉണ്ടായിട്ടുണ്ട്. അപ്പാർട്ട്മെന്റുകളുടെയും വില്ലകളുടെയും വിലയിൽ യഥാക്രമം 9.5 ശതമാനം, 19.8 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെയും മറ്റും പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിൽ സമ്പദ് വ്യവസ്ഥയിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴും ദുബൈയിൽ താമസയിടങ്ങളും വസ്തുവകകളും റെക്കോർഡ് വേഗത്തിൽ വിറ്റുപോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

