ദുബൈയും അബൂദബിയും ഗൾഫിലെ ഏറ്റവും മികച്ച നഗരങ്ങൾ
text_fieldsദുബൈ: സാമ്പത്തിക ശക്തിയെന്ന നിലയിലും അന്താരാഷ്ട്ര സ്വാധീനത്തിലും അനുദിനം വളരുന്ന ദുബൈയും അബൂദബിയും ഗൾഫ് മേഖലയിലെ മികച്ച നഗരങ്ങൾ. കാർനി ഫോസൈറ്റ് നെറ്റ്വർക് പുറത്തുവിട്ട ആഗോള നഗര സൂചികയിൽ ആദ്യ 50ൽ ഇടംപിടിച്ചാണ് മേഖലയിലെ ഏറ്റവും മികച്ച നഗരങ്ങളെന്ന പെരുമ നിലനിർത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കൽ എന്നിവയാണ് ഇരു നഗരങ്ങളെയും നേട്ടത്തിന് സഹായിച്ചിട്ടുള്ളത്. ദുബൈയാണ് ഗൾഫിലെ ഏറ്റവും മികച്ച നഗരമായിട്ടുള്ളത്. പട്ടികയിൽ കഴിഞ്ഞ വർഷത്തെ 23ാം സ്ഥാനത്തുനിന്ന് ഒരു സ്ഥാനം ഇത്തവണ ഉയർന്നിട്ടുണ്ട്. അതേസമയം അബൂദബി 10 സ്ഥാനങ്ങൾ ഉയർന്ന് 49ാം സ്ഥാനത്തെത്തി.
പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ നേരത്തെയുള്ള സ്ഥാനം നിലനിർത്തി 51ാം സ്ഥാനത്ത് തുടരുകയാണ്. റിയാദ് 56ാം സ്ഥാനത്തും ബഹ്റൈൻ തലസ്ഥാനമായ മനാമ 125ാം സ്ഥാനത്തുമാണുള്ളത്. സൗദി നഗരങ്ങളായ ദമ്മാം, മദീന എന്നിവയും പട്ടികയിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. പട്ടികയിൽ ആദ്യസ്ഥാനത്ത് ന്യൂയോർക്കാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ലണ്ടൻ, പാരിസ്, ടോക്യോ, സിംഗപ്പൂർ എന്നിവയാണ് പിന്നാലെയുള്ളത്.
ലോകത്തെ പ്രമുഖ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ വളർച്ചയെക്കുറിച്ചുള്ള വാർഷിക വിലയിരുത്തലാണ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റിപ്പോർട്ട്. നഗരങ്ങൾ ആഗോള മാറ്റങ്ങളുമായി എങ്ങനെ ബന്ധിക്കപ്പെടുന്നു, മത്സരിക്കുന്നു, പൊരുത്തപ്പെടുന്നു എന്ന് വിലയിരുത്തി കൂടിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. 158 മെട്രോപൊളിറ്റൻ നഗരങ്ങളിലെ ബിസിനസ് പ്രവർത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ എന്നിവയുൾപ്പെടെ അഞ്ച് മാനദണ്ഡങ്ങൾ ഇത് വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

