റിയൽ എസ്റ്റേറ്റ് മേഖല ശക്തമാക്കാൻ ദുബൈ-അജ്മാൻ ധാരണ
text_fieldsദുബൈ ലാൻഡ് വകുപ്പും അജ്മാൻ ഫ്രീ സോൺസ് അതോറിറ്റിയും തമ്മിലുള്ള സഹകരണ കരാർ ഒപ്പുവെക്കൽ ചടങ്ങ്
ദുബൈ: റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ദുബൈ ലാൻഡ് വകുപ്പും (ഡി.എൽ.ഡി) അജ്മാൻ ഫ്രീ സോൺസ് അതോറിറ്റിയും (അഫ്സ) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. അഫ്സയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ഭൂമിയുടെയും വസ്തുവിന്റെയും ഉടമസ്ഥാവകാശങ്ങൾ എളുപ്പമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഡി.എൽ.ഡി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഖലിത, അഫ്സ ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ നഖി എന്നിവർ ചേർന്ന് ദുബൈയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരു സ്ഥാപങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്ത് സുതാര്യത വർധിപ്പിക്കുന്നതിനും നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും കരാർ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ ദുബൈയിലേയും അജ്മാനിലേയും നിക്ഷേപ ആകർഷണത്വവും മത്സരക്ഷമതയും ഉയർത്താനും കരാർ ലക്ഷ്യമിടുന്നു. വാണിജ്യ മേഖലയെ പരിപോഷിപ്പിക്കാൻ കരാർ സഹായമാകുമെന്ന് മർവാൻ ബിൻ ഖലിത പറഞ്ഞു.
യു.എ.ഇയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ വിശ്വാസം വളർത്താൻ പുതിയ പങ്കാളിത്തം സംഭാവനകൾ നൽകുമെന്ന് ഇസ്മായിൽ അൽ നഖി പറഞ്ഞു. സാമ്പത്തിക പുരോഗതി കൈവരിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾക്ക് കരാർ മുൻഗണന നൽകും. ബിസിനസിനും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമായി യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പുതിയ സഹകരണം നിർണായകമാവുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

